ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നുവരുമ്പോള്‍ പലരും ഇപ്പോഴും പരിഹസിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ് തീവ്രത. സിപിഎം നേതാവ് പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തീവ്രത കുറഞ്ഞ പീഡനം എന്ന് രേഖപ്പെടുത്തിയിരുന്നു എന്നതാണ് ഈ പരിഹാസത്തിന് പിന്നിലെ കാരണം. എന്നാല്‍ ആ റിപ്പോര്‍ട്ടില്‍ തീവ്രത എന്ന വാക്കില്ലായിരുന്നു എന്ന് വ്യക്തമാക്കുകയാണ് പി.കെ.ശ്രീമതി ടീച്ചര്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരിച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിന് പിന്നാലെ ശ്രീമതി ടീച്ചറുടെ പ്രതികരണം. 'തീവ്രത' എന്ന വാക്ക് റിപ്പോർട്ടിലില്ല. സംസാരിച്ചിട്ടുമില്ല. അതുമായിബന്ധപ്പെട്ട് ഒരിക്കൽ പോലും ഞാൻ ആരോടും പ്രതികരിച്ചിട്ടുമില്ല . കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ച് നടത്തുന്ന നീചമായ ആക്രമണം എനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നവർക്ക് മനഃസുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കിൽ ആയിക്കോളൂ എന്നാണ് ടീച്ചര്‍ തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. 

പാർട്ടി പ്രവർത്തകരിൽ തെറ്റ് ചെയ്തവരുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് എല്ലാവർക്കും അറിയാം .അങ്ങനെയല്ലാത്ത ഒരു സംഭവം പോലും ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയില്ല .അന്ന് ആരോപണ വിധേയനായ വ്യക്തിക്ക് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കനത്ത ശിക്ഷകിട്ടിയതാണെന്ന് ഉള്ളകാര്യം പോലും പലരും മറന്നുപോയെന്നും ശ്രീമതി ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

“തീവ്രത “എന്ന വാക്ക് റിപ്പോർട്ടിലില്ല .സംസാരിച്ചിട്ടുമില്ല. അതുമായിബന്ധപ്പെട്ട് ഒരിക്കൽ പോലും ഞാൻ ആരോടും പ്രതികരിച്ചിട്ടുമില്ല . കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ച് നടത്തുന്ന നീചമായ ആക്രമണം എനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നവർക്ക് മനഃസുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കിൽ ആയിക്കോളൂ .ഈ വൃത്തി കേടുകൾ എഴുതിവിടുന്നവരുടെ പ്രായത്തിലുള്ള പേരക്കുട്ടികളോട് വിശദീകരിച്ച് മനസിലാക്കിക്കാൻ ഞാൻ കുറച്ച് വിഷമിക്കേണ്ടിവരും എന്നേ ഉള്ളു മനസാവാചാ അറിയാത്ത കാര്യങ്ങളിൽ പോലും എനിക്കെതിരെ കുപ്രചരണംനടത്തിയത് കേട്ട് തഴമ്പിച്ച ചെവികളാണ് എന്‍റേത്.

 

പാർട്ടി പ്രവർത്തകരിൽ തെറ്റ് ചെയ്തവരുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് എല്ലാവർക്കും അറിയാം .അങ്ങനെയല്ലാത്ത ഒരു സംഭവം പോലും ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയില്ല .അന്ന് ആരോപണ വിധേയനായ വ്യക്തിക്ക് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കനത്ത ശിക്ഷകിട്ടിയതാണെന്ന് ഉള്ളകാര്യം പോലും പലരും മറന്നുപോയി.

ENGLISH SUMMARY:

Sexual Harassment Allegations are addressed by PK Sreemathy Teacher, clarifying the absence of the word "severity" in the report regarding PK Sasi's case. She also discusses the cyber attack she faced after commenting on the allegations against Rahul Mamkootathil and reiterates CPM's stance on disciplinary actions against party members who commit wrongdoings.