യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.നസീറയാണ് കേസ് പരിഗണിച്ചത്. രാഹുലിനെതിരെ പ്രോസിക്യൂഷന്‍ പുതുതായി സമര്‍പ്പിച്ച തെളിവുകളും കോടതി ഇന്നു പരിശോധിച്ചിരുന്നു.
ഇതിന് പിന്നാലെ രാഹുലിനെ ട്രോളി സിപിഎം നേതാവ് പി.പി ദിവ്യ രംഗത്ത് എത്തി. ‘ലൈംഗിക കുറ്റവാളി കിടക്ക് അകത്ത്’ എന്നാണ് പി.പി ദിവ്യ ഫെയ്സ്ബുക്കില്‍ കുറിച്ചത്. അതേ സമയം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം. കെപിസിസിക്ക് പരാതി കിട്ടിയ ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയിരുന്നു. നേതാക്കളുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായും ചര്‍ച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു