pinarayi-chennithala-masalabond

മസാല ബോണ്ട് ഇടപാടിന് ലാവലിന്‍ കേസുമായി ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തല. . മുഖ്യമന്ത്രി അറിയാതെ ഫണ്ട്  വകമാറ്റാനാകില്ല. വന്‍ അഴിമതിയാണ് നടന്നത്.   ഇഡി നോട്ടിസ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാരയുണ്ട്.  തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നോട്ടിസ് കാണില്ലെന്നും രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു

കിഫ്ബി മസാല ബോണ്ടിലൂടെ നേടിയ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞെന്നാണ് ഇ‍‍ഡി റിപ്പോര്‍ട്ട്. ഭൂമി ഏറ്റെടുക്കല്‍ രേഖകളില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്  ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെയും  കിഫ്ബി സി.ഇ.ഒ  കെ.എം ഏബ്രഹാമിന്റെയും അറിവോടെയെന്നും ഇ.ഡി പറയുന്നു.  മസാല ബോണ്ടിലൂടെ നേടിയ  വിദേശ വാണിജ്യ വായ്പയുപയോഗിച്ച് അയ്യായിരം ഏക്കറിലേറെ ഭൂമി വാങ്ങിയെന്നും ഇതില്‍ 'ഫെമ' ചട്ടത്തിന്റെ ലംഘനം ഉണ്ടെന്നുമാണ് ഇ.ഡി കണ്ടെത്തല്‍.  ഭൂമിക്കായി 466 കോടി രൂപയാണ് ചെലവിട്ടത്. ഇടപാടിന്റെ വിവരങ്ങള്‍ റിസര്‍വ് ബാങ്കാണ്  ഇ.ഡിക്ക് കൈമാറിയത്.  തുടര്‍ന്ന് കിഫ്ബി ജോയിന്റ് ഫണ്ട് മാനേജരെയും സിഇഒ കെ.എം.ഏബ്രഹാമിനെയും ചോദ്യം ചെയ്തശേഷമാണ് ഇ.ഡി റിപ്പോര്‍ട്ട് തയാറാക്കിയത്. 

ഫെമ ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കുള്‍പ്പടെ ഇഡി നോട്ടിസ് നല്‍കിയിരുന്നു. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലായാണ് ഇഡിയുടെ നടപടി. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇഡി പറയുന്നത്. 2019 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് നടപടി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.

ENGLISH SUMMARY:

Ramesh Chennithala alleged that the KIIFB Masala Bond transaction is connected to the Lavalin case and termed it a "huge corruption," stating that the Chief Minister must have been aware of the diversion of funds. Meanwhile, the Enforcement Directorate (ED) has reportedly found violations of the FEMA Act (Foreign Exchange Management Act) regarding the foreign commercial loans raised through Masala Bonds. The ED's report suggests that the Chief Minister was aware of the fund diversion, as he had signed documents related to land acquisition involving the funds. The ED issued notices to the Chief Minister and others following a three-year investigation, concluding that utilizing the funds raised via Masala Bonds for infrastructure development was a violation of regulations.