ബലാൽസംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. നാല് സംഘങ്ങളായി തിരിഞ്ഞാണ് വിവിധ ജില്ലകളിൽ തിരച്ചിൽ തുടരുന്നത്. രാഹുൽ ബന്ധപ്പെടാൻ സാധ്യതയുള്ള 20ലധികം പേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. കേരളത്തിൽ തന്നെയുണ്ടെന്ന് നിഗമനത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. രാഹുലിന്റെ സുഹൃത്തും രണ്ടാംപ്രതിയുമായ ജോബി ജോസഫിനെയും ഉടനടി പിടികൂടാനാണ് പോലീസിന്റെ തീരുമാനം.
രാഹുലിന്റെ പാലക്കാട് ഓഫീസും ഫ്ലാറ്റും പത്തനംതിട്ടയിലുള്ള വിവിധ സുഹൃത്തുക്കളുടെ വീടുകളിലും ഇന്നും പരിശോധന തുടരും. രാഹുലിനെ കണ്ടെത്തുന്നതിനോടൊപ്പം തെളിവ് ശേഖരണവും പുരോഗമിക്കുകയാണ്. പീഡനം നടന്നതായി പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ആ സ്ഥലങ്ങളിൽ രാഹുലും പരാതിക്കാരിയും ഉണ്ടായിരുന്നുവെന്ന് ഉറപ്പിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ഇതോടെ രാഹുലിന്റെ മുൻകൂർ ജാമ്യം തള്ളുന്നതിന് ആവശ്യമായ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ സാധിക്കും എന്നും പോലീസ് കരുതുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കേസിലെ അതിജീവിതയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും . ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരിക്കുന്ന രാഹുലിനെ വഞ്ചിയൂര്‍ മജിസ്റ്റേറ്റ് കോടയിലാണ് ഹാജരാക്കുക. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ടോണിക് സംവിധാനങ്ങളുടെ ദുരുപയോഗം എന്നിവക്ക് പുറമെ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ എന്നീ വകുപ്പുകളും രാഹുല്‍ ഈശ്വറിനെതിരെ ചുമത്തിയിട്ടുണ്ട്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, അഭിഭാഷക ദീപ ജോസഫ്, മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്‍ജിത പുളിക്കന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവരുടെ അറസ്റ്റിലേക്കും അന്വേഷണ സംഘം നീങ്ങിയേക്കും. രാത്രി ഒന്‍പതു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ രാഹുലിനെ വൈദ്യപരിശോധനക്ക് ശേഷം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കള്ളക്കേസ് ആണെന്നും പുരുഷ കമ്മീഷന്‍ വരേണ്ടത് അനിവാര്യമാണെന്നും രാഹുല്‍ ആശുപത്രിയിലേക്ക് പോകും വഴി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റായ കേസ് ആണെന്ന് രാഹുൽ ഈശ്വറിനെ കണ്ട ശേഷം ഭാര്യ ദീപയും പ്രതികരിച്ചു