മസാല ബോണ്ട് കേസിൽ ഇഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ഇ.ഡി നോട്ടിസ് തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള സ്ഥിരം പരിപാടിയെന്ന് ഐസക് ആരാപിച്ചു. ബിജെപിക്കും യു.ഡി.എഫിനും വേണ്ടിയുള്ള പ്രചാരണമാണ്. ഇത് കേരളം പുച്ഛത്തോടെ തള്ളുമെന്ന് തോമസ് ഐസക് പറഞ്ഞു. കേരളവികസനത്തിന് തുരങ്കം വയ്ക്കാനുള്ള ബി.ജെ.പി ശ്രമമാണ്. രാഷ്ട്രീയ യജമാനന്‍മാര്‍ക്കുള്ള പാദസേവയാണ്. നോട്ടിസ് നിയമപരമായി നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു.
മസാല ബോണ്ട് ഇറക്കാൻ ആർബിഐയുടെ അനുമതിയുണ്ടെന്നും നടപടിക്രമങ്ങൾ പാലിച്ചാണ് മുന്നോട്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് ഇഡിക്ക് ഈ ആവേശമെന്നും, കോടതി ചോദിച്ച ലളിതമായ ചോദ്യങ്ങൾക്ക് പോലും മറുപടി നൽകാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും തന്നെ എന്തിനാണ് വിളിപ്പിച്ചെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
കിഫ്ബി മസാല ബോണ്ട് വഴി സമാഹരിച്ച പണം ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തത് നിയമവിരുദ്ധമല്ലെന്ന് ഐസക് വ്യക്തമാക്കി. ഭൂമി വാങ്ങുന്നതും ഏറ്റെടുക്കുന്നതും രണ്ട് നിയമങ്ങളാണെന്നും ആർബിഐ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടെന്നും ഐസക് വിശദീകരിച്ചു. ഭൂമി വാങ്ങാന്‍ പാടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഭൂമി വാങ്ങിയിട്ടില്ല, ഏറ്റെടുത്തിട്ടേ ഉള്ളൂവെന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കേരളത്തിന്‍റെ വികസനത്തെ തകർക്കാനുള്ള നീക്കമാണെന്നും ഐസക് ആരോപിച്ചു.
രമേശ് ചെന്നിത്തല ഉന്നയിച്ച ലാവലിന്‍ ബന്ധം ആരോപണം അസംബന്ധമാണ്. ലാവലിനുമായി കരാറുണ്ടാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണ്. കോണ്‍ഗ്രസിന്‍റെ കമ്പനിയാണ് ലാവലിനെന്നും ഐസക് ആരോപിച്ചു.