സാധാരണ വീട്ടമ്മയില്‍ നിന്ന് നിയമസഭാംഗം വരെയായ വനിതാ പോരാളിയാണ് കാനത്തില്‍ ജമീല. മുസ് ലിം സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിനും പൊതുപ്രവര്‍ത്തനം നടത്തുന്നതിനും വലിയ സ്വീകാര്യത ലഭിക്കാത്ത  കാലഘട്ടത്തിലാണ് സ്വന്തം വഴിവെട്ടി, സിപിഎം തണലില്‍ കാനത്തില്‍ ജമീല വളര്‍ന്നു പന്തലിച്ചത്. 

ആളുകളോട് ഇടപഴകാനും ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ആരും പറഞ്ഞുകൊടുക്കേണ്ട കാനത്തില്‍ ജമീലക്ക്. അത് കൊണ്ട് തന്നെ ത്രിതല പഞ്ചായത്തുകളില്‍ മികച്ച ഭരണപാടവമാണ് അവര്‍ പുറത്തെടുത്തത്. 1995ലാണ് ആദ്യമായി മല്‍സരിക്കുന്നത്. അന്ന് തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റായി. 2005–10 വരെ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി. 2010ലാണ് ആദ്യമായി ജില്ലാപഞ്ചായത്ത് പ്രസി‍‍ഡന്‍റാകുന്നത്. പിന്നീടങ്ങോട്ട് തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റെന്ന ഖ്യാതിയില്‍ നടപ്പിലാക്കിയ ജനകീയ പദ്ദതികള്‍ ഒട്ടേറെ. സമസ്ത മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള വികസനം.  2015ല്‍ കാലാവധി തികച്ച് അ‍ഞ്ച് വര്‍ഷം വിശ്രമം. 2020ല്‍ വീണ്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക്. തൊട്ടുപിന്നാലെയെത്തിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ നിന്ന് മല്‍സരിക്കാനായിരുന്നു പാര്‍ട്ടി ഏല്‍പ്പിച്ച നിയോഗം. അതോടെ ഇത്തവണ മണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലില്‍ യുഡിഎഫ് ഇളക്കിമറിച്ച് പ്രചാരണം നടത്തിയെങ്കിലും ഒന്നും ഏശിയില്ല. 8472 വോട്ടുകള്‍ക്ക് എന്‍. സുബ്രഹ്മണ്യനെ തോല്‍പ്പിച്ച് നിയമസഭയിലേയ്ക്ക്. 

അത്തോളി ചോയിക്കുളത്തെ കാനത്തിൽ വീട്ടിൽ അബ്ദുറഹ്മാന്റെ ഭാര്യയും കുറ്റ്യാടി ചെറിയ കുമ്പളത്തെ പരേതരായ ടി.കെ.ആലി–മറിയം ദമ്പതികളുടെ മകളുമാണ്. കുറ്റ്യാടി എംഐയുപി സ്കൂൾ, കുറ്റ്യാടി ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന ജോ.സെക്രട്ടറി, സംസ്ഥാന ഓർഫനേജ് കമ്മിറ്റിയിൽ സർക്കാർ പ്രതിനിധി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Kanathil Jameela is a woman legislator who rose from a homemaker to a Member of the Legislative Assembly. She has demonstrated excellent administrative skills in the three-tier Panchayats and implemented numerous popular schemes as the District Panchayat President.