വയനാട്ടില്‍ ഇടതുകോട്ടയായ തിരുനെല്ലി പഞ്ചായത്തില്‍ സമവായ നീക്കം എല്ലാം തള്ളി സിപിഎം–സിപിഐ നേര്‍ക്കുനേര്‍ പേരാട്ടം. ചേലൂര്‍ വാര്‍ഡില്‍ വികസന മുന്നണി എന്ന പേരിലാണ് സിപിഐയ്ക്ക് എതിരെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയെ രംഗത്തിറക്കുന്നത്.
മുഴുവന്‍ സീറ്റും നേടി പ്രതിപക്ഷം ഇല്ലാതെ ഭരിക്കുന്ന എല്‍ഡിഎഫിന്‍റെ ഉറച്ച കോട്ടയായ തിരുനെല്ലി പഞ്ചായത്ത്. സിപിഐയുടെ സിറ്റിങ് സീറ്റായ ചേലൂര്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രനെ നിര്‍ത്താനുള്ള സിപിഎമ്മിന്‍റെ നീക്കം പാളിയതോടെ ആണ് വല്യേട്ടന്‍ കുഞ്ഞേട്ടന്‍ പോരിന് കളമൊരുങ്ങിയത്. അരിവാള്‍ നെല്‍കതിര്‍ ചിഹ്നത്തില്‍ സിപിഐ, ഷീജ ബേബിയെ നിര്‍ത്തി പ്രചാരണം തുടങ്ങി. കലിപ്പിലായതോടെ സിപിഎം പ്രാദേശിക നേതൃത്വം വികസന മുന്നണി എന്ന പേരില്‍ പാര്‍ട്ടി ചിഹ്നം ഒഴിവാക്കി, ബ്രാഞ്ച് കമ്മിറ്റി അംഗം സി. പുഷ്പയെ രംഗത്തിറക്കി. തര്‍ക്കങ്ങളൊന്നും വിജയത്തെ ബാധിക്കില്ലെന്ന് സിപിഐയുടെ ഷീജ ബേബി.
വാശിയേറിയ പേരാട്ടത്തില്‍ കുറഞ്ഞ് ഒന്നുമില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം പിന്തുണയ്ക്കുന്ന സി. പുഷ്‌പ. അയല്‍ക്കാരെങ്കിലും മത്സരത്തില്‍ രാഷ്ട്രീയമായി യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. എല്‍ഡിഎഫിലെ മൂപ്പിളമ തര്‍ക്കം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. വാസന്തി. ഇടതുകോട്ടയിലെ ക്ലാസിക്കല്‍ പോരാട്ടത്തില്‍ കൗതുകത്തോടെ ഇടപെടുകയാണ് വോട്ടര്‍മാരും.