പാന്റസിട്ട് നടക്കുന്നവര്‍ വരെ മുണ്ടിലേക്ക് മാറുന്ന കാലമാണ് തിരഞ്ഞെടുപ്പ് സമയം. മുണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമെങ്കിലോ. അടിപൊളിയായിരിക്കില്ലേ.
തിരഞ്ഞെടുപ്പ് കാലത്ത് വേറിട്ട പ്രചാരണ സാമഗ്രികൾ ഒരുക്കി ശ്രദ്ധ നേടുകയാണ് കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരം. സ്ഥാനാർത്ഥികളുടെയും പാർട്ടികളുടെയും ചിഹ്നങ്ങൾ കൈത്തറി മുണ്ടുകളിൽ പ്രിൻ്റ് ചെയ്ത് നൽകുന്നതാണ് ഇവിടുത്തെ പുതിയ ട്രെൻഡ്. ഓണക്കാലത്ത് തുടങ്ങിയ പ്രിന്റിംഗ് പരീക്ഷണമാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയ ചിഹ്നങ്ങളിലേക്ക് എത്തിയത്. ആവശ്യക്കാർ ഏറിയതോടെ ഇതൊരു പ്രചോദനമായി. പാർട്ടികൾക്കനുസരിച്ച് വിലയിൽ മാറ്റമില്ലെന്നും തുണിയുടെ ഗുണമേന്മയാണ് വില നിർണ്ണയിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു. പുരുഷന്മാർക്ക് മുണ്ടുകൾ ലഭ്യമാകുമ്പോൾ, വനിതാ സ്ഥാനാർത്ഥികൾക്കായി സാരികളിലും ചിഹ്നങ്ങൾ പ്രിൻ്റ് ചെയ്തു നൽകുന്നുണ്ട്.