സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. രജിത തൊഴിലാളി പ്രവര്‍ത്തനങ്ങളിലൂടെയെത്തിയ നേതാവാണ്. കന്നി തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജയിച്ച സന്തോഷത്തിലാണ് രജിതയും കൂട്ടരും.
ആഗ്രഹിച്ചത് ശക്തമായി മല്‍സരിച്ചൊരു ജയം. കിട്ടിയതോ, എതിരാളികളില്ലാതെ എളുപ്പത്തിലൊരു ജയം. സ്ഥാനാര്‍ഥിക്കിനി വോട്ടിനെക്കുറിച്ചോ ഫലത്തെ കുറിച്ചോ ആശങ്കയില്ല. ആന്തൂര്‍ നഗരസഭയില്‍ തന്‍റെ കസേരയ്ക്ക് ഇളക്കം തട്ടില്ലെന്ന് ഉറപ്പാക്കിക്കഴിഞ്ഞു കെ രജിത. ആന്തൂര്‍ നഗരസഭയില്‍ രണ്ടാം വാര്‍ഡായ മൊറാഴയാണ് രജിതയുടേത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നാട്. ഇരുവരുടെയും വീടുകള്‍ തമ്മിലും വലിയ അകലമില്ല. ചെറുപ്പം മുതല്‍ കണ്ടുവളര്‍ന്ന നേതാവ് പഠിപ്പിച്ച പാഠമാണ് കൈമുതലെന്ന് രജിത പറയും
സിപിഎം ശക്തികേന്ദ്രമാണ് മൊറാഴ. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെട്ടുവന്ന കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ ചെങ്കൊടിയേന്തി പ്രതിഷേധമുയര്‍ന്ന കണ്ണൂരിലെ നാടുകളിലൊന്ന്. എതിരാളികളില്ലാതെ, മല്‍സരമില്ലാതെ പലതവണ സിപിഎം സ്ഥാനാര്‍ഥികള്‍ രജിതയെ പോലെ നഗരസഭാംഗമായിട്ടുണ്ട്. ഇനി ഊഴം രജിതയ്ക്കാണ്. തന്നാലാകുംവിധം നന്നായി പ്രവര്‍ത്തിക്കണമെന്ന സ്വപ്നത്തിലാണ് നെയ്ത്തുതൊഴിലാളിയായിരുന്ന രജിത.