പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സ്വാധീനിക്കാന്‍ ബിജെപി ശ്രമം. 50 ാം വാര്‍ഡിലെ സ്ഥാനാര്‍ഥി കെ. രമേശിന്റെ വീട്ടിലെത്തി പത്രിക പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തു. പെരുമാറ്റച്ചട്ടലംഘനമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള സമയം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 1.54 ലക്ഷം പത്രികകളാണ് വരണാധികാരികള്‍ സ്വീകരിച്ചത്. 1.07 ലക്ഷം സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്. ഇവരില്‍ എത്രപേര്‍ പിന്‍വലിക്കുമെന്ന് വൈകിട്ടോടെ അറിയാം. ഇതോടെ തിരഞ്ഞെടുപ്പിലെ വിമത ചിത്രവും തെളിയും. വിമതരെ പിന്തിരിപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് പാര്‍ട്ടികളെല്ലാം.
വയനാട്ടിൽ വിമത സ്ഥാനാർഥികളെ പിന്തിരിപ്പിക്കാൻ യുഡിഎഫിൽ തിരക്കിട്ട ശ്രമമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് വിമതനായി പത്രിക നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയലിന് മേൽ പിൻമാറാൻ കോൺഗ്രസ് കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാറിന് എതിരെ പനമരം ബ്ലോക്കിലേക്ക് മുൻ യൂത്ത് കോൺഗ്രസ് നേതാവ് ബിനു ജേക്കബും മത്സര രംഗത്തുണ്ട്. ബത്തേരി, കൽപ്പറ്റ മുനിസിപ്പാലിറ്റികൾ ഉൾപ്പെടെ പത്തിലധികം സീറ്റുകളിൽ കോൺഗ്രസ്, മുസ്ലിം ലീഗ് വിമതരും പത്രിക നൽകിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ ചേലൂർ വാർഡിൽ സിപിഎമ്മിന് എതിരെ സിപിഐ വിമത സ്ഥാനാർഥിയെ നിർത്തിയത് എൽഡിഎഫിനുളളിലും തലവേദനയാണ്.
കോഴിക്കോടും വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വടകര, കൊടുവള്ളി, രാമനാട്ടുകര നഗരസഭകളിലും കുന്ദമംഗലം, പേരാമ്പ്ര, കുന്നുമ്മല്‍,തോടന്നൂര്‍ ബ്ലോക്കുകളിലാണ് യുഡിഎഫിന് വിമതരുള്ളത്. കോടഞ്ചേരി ഉള്‍പ്പടെ പതിനൊന്നോളം പഞ്ചായത്തുകളിലും ചര്‍ച്ചകള്‍ തുടരുകയാണ്. നാദാപുരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സിപിെഎ സ്ഥാനാര്‍ഥിക്കെതിരെ പത്രിക കൊടുത്ത സിപിഎം നേതാവിനെ അനുനയിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കോഴിക്കോട് കോര്‍പറേഷനില്‍ മൊകവൂരിലാണ് എല്‍ഡിഎഫിന് വിമതനുള്ള മറ്റൊരു സ്ഥലം.
കണ്ണൂർ കോർപ്പറേഷനിലെ രണ്ട് ലീഗ് വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കോൺഗ്രസിൽ നിന്ന് ചോദിച്ചു വാങ്ങിയ വാരം ഡിവിഷനിൽ ഔദ്യോഗിക സ്ഥാനാർത്ഥി കെ.പി.താഹിറിനെതിരെ നാമനിർദ്ദേശപത്രിക നൽകിയ പ്രാദേശിക നേതാവ് റഈസ് അസ്അദിയും, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി ഔദ്യോഗിക സ്ഥാനാർത്ഥിയായ ആദികടലായി ഡിവിഷനിൽ ലീഗ് നേതാവ് പി.മുഹമ്മദലിയുമാണ് വിമത ഭീഷണി ഉയർത്തുന്നത്. മുസ്ലിം ലീഗ് സംസ്ഥാന നേതാക്കൾ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഇരുവരും ഇന്ന് നാമനിർദ്ദേശപത്രിക പിൻവലിക്കാനാണ് സാധ്യത. അതേസമയം, കോൺഗ്രസിലെ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന പി.ഇന്ദിരയുടെ പയ്യാമ്പലം വാർഡിലെ കോൺഗ്രസ് വിമത കെ.എൻ.ബിന്ദു പത്രിക പിൻവലിക്കാൻ ഇടയില്ല. പയ്യന്നൂർ നഗരസഭയിലും പടിയൂർ പഞ്ചായത്തിലും വിമത സ്ഥാനാർത്ഥികളായ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരും പത്രിക പിൻവലിക്കില്ല.
അതിനിടെ, അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മൽസരിക്കുന്നതിനെച്ചൊല്ലി ആലപ്പുഴയിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായ തർക്കം തീർന്നു. അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മുസ്ലിംലീഗ് സ്ഥാനാർഥി നൽകിയ പത്രിക പിൻവലിക്കും. കെപിസിസി -ലീഗ് സംസ്ഥാന നേതൃത്വങ്ങളുടെ നിർദ്ദേശ പ്രകാരം ഡിസിസി പ്രസിഡന്‍റ് അഡ്വ.ബി. ബാബുപ്രസാദ്, ലീഗ് ജില്ലാ പ്രസിഡന്‍റ് എ.എം നസീർ എന്നിവർ വിവിധ ഘട്ടങ്ങളിലായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അമ്പലപ്പുഴയിൽ കോൺഗ്രസിന്‍റെ എ.ആർ. കണ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. ഇതിനെതിരെയാണ് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. അൽതാഫ് സുബൈറിനെ സ്ഥാനാർഥിയായി മുസ്ലിം ലീഗ് പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്തിൽ അമ്പലപ്പുഴ ഡിവിഷൻ ആവശ്യപ്പെട്ട ലീഗിന് തങ്ങളുടെ സിറ്റിങ് സീറ്റ് നൽകാൻ കോൺഗ്രസ് തയാറായില്ല. പുന്നപ്ര ഡിവഷൻ നൽകാമെന്ന വാഗ്ദാനം ലീഗ് നിരസിച്ചിരുന്നു.വിവിധ ബ്ലോക്ക് ഡിവിഷനുകളിൽ ലീഗ് സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസ് നൽകിയ പത്രികകളും പിൻവലിക്കാൻ ചർച്ചയിൽ ധാരണയായി.