nomination-withdrawal-last-day
  • നാമനിര്‍ദേശ പത്രിക ഇന്നുകൂടി പിന്‍വലിക്കാം
  • സ്വീകരിച്ചത് 1.54 ലക്ഷം പത്രികകള്‍
  • പത്രിക നല്‍കിയത് 1.07 ലക്ഷം സ്ഥാനാര്‍ഥികള്‍

തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 1.54 ലക്ഷം പത്രികകളാണ് വരണാധികാരികൾ സ്വീകരിച്ചത്. 1.07 ലക്ഷം സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. ഇവരിൽ എത്രപേർ പിൻവലിക്കുമെന്ന് വൈകിട്ടോടെ അറിയാം. ഇതോടെ തിരഞ്ഞെടുപ്പിലെ വിമത ചിത്രം തെളിയും. വിമതരെ പിന്തിരിപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് പാർട്ടികളെല്ലാം.

വയനാട്ടിൽ വിമത സ്ഥാനാർഥികളെ പിന്തിരിപ്പിക്കാൻ യുഡിഎഫിൽ തിരക്കിട്ട ശ്രമം. ജില്ലാ പഞ്ചായത്തിലേക്ക് വിമതനായി പത്രിക നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയലിന് മേൽ പിൻമാറാൻ കോൺഗ്രസ് കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാറിന് എതിരെ പനമരം ബ്ലോക്കിലേക്ക് മുൻ യൂത്ത് കോൺഗ്രസ് നേതാവ് ബിനു ജേക്കബും മത്സര രംഗത്തുണ്ട്. ബത്തേരി, കൽപ്പറ്റ മുനിസിപ്പാലിറ്റികൾ ഉൾപ്പെടെ പത്തിലധികം സീറ്റുകളിൽ കോൺഗ്രസ്,  മുസ്​ലിം ലീഗ് വിമതരും പത്രിക നൽകിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ ചേലൂർ വാർഡിൽ സിപിഎമ്മിന് എതിരെ സിപിഐ വിമത സ്ഥാനാർഥിയെ നിർത്തിയത് എൽഡിഎഫിനുളളിലും തലവേദനയാണ്.

കോഴിക്കോടും വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വടകര, കൊടുവള്ളി, രാമനാട്ടുകര നഗരസഭകളിലും കുന്ദമംഗലം, പേരാമ്പ്ര, കുന്നുമ്മൽ, തോടന്നൂർ ബ്ലോക്കുകളിലാണ് യുഡിഎഫിന് വിമതരുള്ളത്. കോടഞ്ചേരി ഉൾപ്പെടെ പതിനൊന്നോളം പഞ്ചായത്തുകളിലും ചർച്ചകൾ തുടരുകയാണ്. നാദാപുരം പഞ്ചായത്തിലെ ഒന്നാം വാർഡിൽ സിപിഐ സ്ഥാനാർഥിക്കെതിരെ പത്രിക കൊടുത്ത സിപിഎം നേതാവിനെ അനുനയിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കോഴിക്കോട് കോർപറേഷനിൽ മൊകവൂരിലാണ് എൽഡിഎഫിന് വിമതനുള്ള മറ്റൊരു സ്ഥലം.

കണ്ണൂർ കോർപ്പറേഷനിലെ രണ്ട് ലീഗ് വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കോൺഗ്രസിൽ നിന്ന് ചോദിച്ചു വാങ്ങിയ വാരം ഡിവിഷനിൽ ഔദ്യോഗിക സ്ഥാനാർത്ഥി കെ.പി.താഹിറിനെതിരെ നാമനിർദ്ദേശപത്രിക നൽകിയ പ്രാദേശിക നേതാവ് റഈസ് അസ്അദിയും, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി ഔദ്യോഗിക സ്ഥാനാർത്ഥിയായ ആദികടലായി ഡിവിഷനിൽ ലീഗ് നേതാവ് പി.മുഹമ്മദലിയുമാണ് വിമത ഭീഷണി ഉയർത്തുന്നത്.  മുസ്​ലിം ലീഗ് സംസ്ഥാന നേതാക്കൾ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഇരുവരും ഇന്ന് നാമനിർദ്ദേശപത്രിക പിൻവലിക്കാനാണ് സാധ്യത. അതേസമയം, കോൺഗ്രസിലെ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന പി.ഇന്ദിരയുടെ പയ്യാമ്പലം വാർഡിലെ കോൺഗ്രസ് വിമത കെ.എൻ.ബിന്ദു പത്രിക പിൻവലിക്കാൻ ഇടയില്ല. പയ്യന്നൂർ നഗരസഭയിലും പടിയൂർ പഞ്ചായത്തിലും വിമത സ്ഥാനാർത്ഥികളായ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരും പത്രിക പിൻവലിക്കില്ല.

അതിനിടെ, അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മൽസരിക്കുന്നതിനെച്ചൊല്ലി ആലപ്പുഴയിൽ കോൺഗ്രസും മുസ്​ലിം ലീഗും തമ്മിലുണ്ടായ തർക്കം തീർന്നു. അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ  മുസ്​ലിംലീഗ് സ്ഥാനാർഥി നൽകിയ പത്രിക പിൻവലിക്കും. KPCC -ലീഗ് സംസ്ഥാന നേതൃത്വങ്ങളുടെ നിർദ്ദേശ പ്രകാരം ഡിസിസി പ്രസിഡന്‍റ് അഡ്വ.ബി. ബാബുപ്രസാദ്, ലീഗ് ജില്ലാ പ്രസിഡന്‍റ് എ.എം നസീർ എന്നിവർ വിവിധ ഘട്ടങ്ങളിലായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അമ്പലപ്പുഴയിൽ കോൺഗ്രസിന്‍റെ എ.ആർ. കണ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. ഇതിനെതിരെയാണ് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. അൽതാഫ് സുബൈറിനെ സ്ഥാനാർഥിയായി  മുസ്​ലിം ലീഗ് പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്തിൽ അമ്പലപ്പുഴ ഡിവിഷൻ ആവശ്യപ്പെട്ട ലീഗിന് തങ്ങളുടെ സിറ്റിങ് സീറ്റ് നൽകാൻ കോൺഗ്രസ് തയാറായില്ല. പുന്നപ്ര ഡിവിഷൻ നൽകാമെന്ന വാഗ്ദാനം ലീഗ് നിരസിച്ചിരുന്നു.വിവിധ ബ്ലോക്ക് ഡിവിഷനുകളിൽ ലീഗ് സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസ് നൽകിയ പത്രികകളും പിൻവലിക്കാൻ ചർച്ചയിൽ ധാരണയായി.

ENGLISH SUMMARY:

The deadline for withdrawing nominations for the local body elections ends today at 3 PM, marking the final attempt by major political fronts (UDF and LDF) to manage the 'rebel threat.' Out of 1.54 lakh accepted nominations, the number of independent contestants will be finalized by evening. Intense efforts are on in districts like Wayanad (where Youth Congress State Secretary Jashir Pallivayal is challenging the UDF), Kozhikode, and Kannur to pacify rebels, including those from Congress and IUML. Meanwhile, the serious dispute between Congress and Muslim League over the Ambalapuzha District Panchayat division in Alappuzha has been resolved, with the League withdrawing its candidate.