തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും കൂടുതൽ വിമതരുള്ള വാർഡാണ് വിഴിഞ്ഞം. രണ്ടു കോൺഗ്രസ് വിമതരും ഒരു സി.പി.എം വിമതനും മത്സരരംഗത്തിറങ്ങിയതോടെ മുന്നണികൾക്കും വാശികൂടി.
13,500ല്‍ അധികം വോട്ടർമാരുമായി തലസ്ഥാന കോർപ്പറേഷനിലെ ഏറ്റവും വലിയ രണ്ടാമത്തെ വാർഡ്. റിബലുടെ പോരാട്ടത്തിൽ ഒന്നാമതും. മുൻ കൗൺസിലർ എൻ.എ. റഷീദ് തന്നെ വിമതനായത് സി.പി.എമ്മിന് തലവേദനയായി. വിമതന് കാര്യമായ റോളില്ലെന്ന് പറയുമ്പോഴും വാർഡ് നിലനിർത്തേണ്ട ഭാരിച്ച ബാധ്യതയാണ് എൽ.ഡി.എഫ് സ്ഥാനാർഥി നൗഷാദിന്.
സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈനും ബ്ളോക് വൈസ് പ്രസിഡന്റ് സിദ്ദീഖും വിമതരായി ഇറങ്ങിയത്. ഹാർബർ വാർഡിന്റെ കൗൺസിലറായുള്ള മുൻ പരിചയം സ്വാധീനമായി കാണുന്ന യുഡിഎഫ് സ്ഥാനാർഥി സുദീർഖാൻ വിമതരെ കാര്യമാക്കുന്നേയില്ല. എൽ.ഡി.എഫും യുഡിഎഫും നേർക്കുനേർ മത്സരിക്കുന്ന വിഴിഞ്ഞത്ത് വിമതരുടെ രംഗപ്രവേശം ഫലം പ്രവചനാതീതമാക്കി.