തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് കേരളമാകെ. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ഥി ചിത്രം വ്യക്തമായതിന് പിന്നാലെ പ്രചാരണതിരക്കിലാണ് പ്രവര്‍ത്തകരും അണികളും. രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കള്‍ക്ക് മാത്രമല്ല തിരഞ്ഞെടുപ്പിന്‍റെ തിരക്ക് എന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലും തിരഞ്ഞെടുപ്പില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
പാലക്കാട് എം.എല്‍.എ ഓഫീസ് ഉള്‍പ്പെടുന്ന 27–ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.മോഹന്‍ ബാബുവിനായാണ് രാഹുല്‍ ഇറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാഹുല്‍ സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങിയത്. രാഹുല്‍ തന്നെ ഇതിന്‍റെ റീല്‍ തന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി വീടുകയറി വോട്ടുചോദിക്കുന്നതിനും രാഹുല്‍ മാങ്കൂട്ടത്തിലുണ്ട്. പാലക്കാട് നഗരസഭ തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് രാഹുലും. എന്നാല്‍ സസ്പെന്‍ഷനിലുള്ള നേതാവിന്‍റെ കളം നിറഞ്ഞുള്ള പ്രവര്‍ത്തനത്തിന് എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിലെ തന്നെ ചില വിഭാഗങ്ങളില്‍ നിന്നുമുള്ള അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്.