വിമത നീക്കമാണ് പാലക്കാട്ടെ CPM നു കടുത്ത തലവേദന. പാർട്ടിയിൽ നിന്ന് അതൃപ്തി നേരിട്ടവർ പ്രത്യേക സംഘടന രൂപീകരിച്ചു പാർട്ടിക്കെതിരെ മത്സരിക്കുന്നതാണ് ജില്ലയിൽ പലയിടങ്ങളിലായി കാണുന്നത്. എന്നാൽ ഒരു വിമത നീക്കവും സിപിഎമ്മിനെ കുലുക്കില്ലെന്ന് ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബു മനോരമന്യൂസിനോട് പറഞ്ഞു..
ജില്ലയിൽ സമീപകാലത്ത് സി.പി.എം നേരിടുന്ന ഏറ്റവും വലിയ വിമത ദുരിതമാണ് ഇക്കുറി. നേതൃത്വത്തെ വെല്ലുവിളിച്ചു പലയിടത്തും വിമതർ നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. ജില്ലാ അതിർത്തിയായ കൊഴിഞ്ഞമ്പാറയിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം.സതീഷിന്റെ നേതൃത്വത്തിലാണ് നീക്കം. സ്വത്രന്ത മുന്നണി എന്ന പേരിൽ യു.ഡി.എഫ് പിന്തുണയോടെ പത്തിലധികം സീറ്റുകളിൽ ഇവർ മൽസരിക്കുന്നുണ്ട്.
മണ്ണാർക്കാട്ട് ജനകീയ മതേതര മുന്നണി എന്ന പേരിലാണ് വിമത പ്രവർത്തനം. പി.കെ ശശി പക്ഷക്കാരാണ് എല്ലാവരും. നഗരസഭയിൽ 11 സീറ്റുകളിലേക്കും ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലേക്കും മൽസരിക്കുന്നുണ്ട്. പാർട്ടി അഭിമാന പോരാട്ടം നടത്തുന്ന ഒറ്റപ്പാലം നഗരസഭയിൽ 4 സീറ്റുകളിലേക്കാണ് വിമതർ മൽസരിക്കുന്നത്. കഴിഞ്ഞ തവണ 2 സീറ്റുകളിൽ ജയിച്ച് നിർണായക ശക്തിയാകാൻ സ്വതന്ത്രമുന്നണിക്ക് സാധിച്ചിരുന്നു. വടക്കഞ്ചേരിയിലടക്കം നിരവധി പഞ്ചായത്തുകളിലും വിമതർ വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ ഈ തരം നീക്കങ്ങളൊന്നും LDF ന്റെ വിജയത്തെ ഇല്ലാതാക്കാൻ ആവില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബുവിന്റെ പ്രതികരണം. എന്നാൽ പാർട്ടിയിൽ നിന്ന് അതൃപ്തി നേരിട്ടവർ പുറത്തിറങ്ങി സംഘടന രൂപീകരിച്ചു പാർട്ടിക്കെതിരെ തന്നെ തിരിയുന്നത് പലഘട്ടങ്ങളിലായി നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്ന് വിലയിരുത്തൽ നേരത്തെ ഉണ്ടായതാണ്. വിമതനീക്കം സിപിഎമ്മിന് ഒരു ക്ഷീണവും വരുത്തില്ലെന്നു ജില്ലാ സെക്രട്ടറി പറഞ്ഞു വെക്കുന്നുണ്ടെങ്കിലും വിഷയം കാര്യമായി തന്നെ പാർട്ടി പരിഗണിക്കുന്നുണ്ട്.