കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. വേങ്ങാട് പഞ്ചായത്തിലെ 15-ാം വാര്‍ഡ് മമ്പറം ടൗണില്‍ നിന്നാണ് മമ്പറം ദിവാകരന്‍ ജനവിധി തേടുക. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടത്ത് നിന്നും പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു മമ്പറം ദിവാകരന്‍. സ്ഥാനാര്‍ഥിയാകുന്ന വിവരം അദ്ദേഹം ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. കോൺഗ്രസ്സ് നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് മത്സരിക്കുന്നതെന്നും അദ്ദേഹം എഴുതി.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ പാർട്ടി പാനൽ അംഗീകരിക്കാതെ സ്വന്തം പാനൽ ഉണ്ടാക്കി മത്സരിച്ചതിന്‍റെ പേരിലാണ് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്. പാർട്ടി നേതൃത്വത്തിന്‍റെ നിർദേശം അംഗീകരിച്ചില്ല എന്നതായിരുന്നു ദിവാകരന് എതിരെയുള്ള നടപടിക്കു കാരണമായി പറഞ്ഞത്.
കണ്ണൂർ ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാവും കെപിസിസി മുൻ നിർവാഹക സമിതി അംഗവും 2 പതിറ്റാണ്ടിലേറെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്‍റുമായിരുന്നു ദിവാകരൻ. പിന്നീട് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ദിവാകരന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി. 2024 മാര്‍ച്ചിലാണ് മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തത്. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ നിർദേശപ്രകാരമായിരുന്നുനടപടി. താൻ അടിയുറച്ച കോൺഗ്രസുകാരനാണെന്നും വീണ്ടും പാർട്ടിയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും ദിവാകരൻ അന്ന് പറഞ്ഞിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം,
ഞാൻ എന്‍റെ നാട്ടിൽ വേങ്ങാട് പഞ്ചായത്തിലെ15 വാർഡിൽ മമ്പറം ടൗൺ വാർഡിൽ ഒരു മെമ്പറായി മത്സരിക്കുകയാണ് - 61 വർഷത്തെ എന്‍റെ കോൺ ഗ്രസ്സ് രാഷ്ട്രീയപ്രവർത്തനത്തിൽ വളരെ അഭിമാനകരമായ ഒരു മുഹൂർത്തമാണ് ഇന്ന്. നോമിനേഷൻ അവസാന ദിനമായ ഇന്ന് കോൺഗ്രസ്സ് നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് ഞാൻ മത്സരിക്കുന്നത് - എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു