നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ തെക്കൻ മേഖലയിൽ കടുത്ത പോരാട്ടത്തിന് തയാറെടുത്ത് മുന്നണികൾ. തലസ്ഥാന കോർപ്പറേഷനിൽ മുൻപരിചയമില്ലാത്ത വിധം ഇടതുമുന്നണി വിമത ഭീഷണി നേരിടുമ്പോൾ ബി.ജെ.പിയുടെ മോഹങ്ങൾക്ക് കോൺഗ്രസ് മങ്ങലേൽപ്പിക്കുന്നു. കൊല്ലത്തും പത്തനംതിട്ടയിലും എൽഡി.എഫും യു.ഡിഎഫും നേരിടുന്ന പ്രധാന പ്രതിസന്ധി വിമതഭീഷണി തന്നെ.
മേയർ സ്ഥാനത്തേക്ക് കെ.എസ്.ശബരീനാഥനെ ഇറക്കി ഞെട്ടിച്ച് സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് നടത്തിയ സർപ്രൈസ് ആണ് തലസ്ഥാനത്തെ ത്രികോണ പോരിന് ചൂടുപിടിച്ചത്. ആര്യ രാജേന്ദ്രന്റെ ഭരണസമിതിക്കെതിരായ വിരുദ്ധവികാരം മറികടന്ന് തലസ്ഥാനം കൈപിടിയിലൊതുക്കി നിർത്താൻ സി.പി.എം ശ്രമിക്കുമ്പോൾ അനന്തപുരി ഇത്തവണയെങ്കിലും കാവിപുതയ്പ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. തലസ്ഥാനത്ത് ഏറ്റവും കൂടുതൽ വിമതർ സി.പി.എമ്മിനാണ്. തൊട്ടുപിന്നിൽ കോൺഗ്രസ്. ബി.ജെ.പിക്ക് വിമതരില്ലെങ്കിലും തിരുമല അനിലിന്റെയും ആനന്ദ് തമ്പിയുടെയും മരണങ്ങൾ തിരിച്ചടിയായി നിൽക്കുന്നു. മികവുറ്റ സ്ഥാനാർഥികളെ ഇറക്കി എൽ.ഡി.എഫും യു.ഡി.എഫും ജില്ലാ പഞ്ചായത്തിലെ പോരാട്ടവും കടുപ്പിച്ചു. കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിനും എല്‍ഡിഎഫിനും വിമതരുണ്ട്. യു.ഡിഎഫ് ഘടകക്ഷികൾക്ക് നൽകിയ സീറ്റുകളിൽ കോൺഗ്രസുകാരാണ് റിബലുകൾ. കുണ്ടറയില്‍ സിപിഎം–സിപിഐ പോരാണ് ശ്രദ്ധേയമാകുന്നത്. പത്തനംതിട്ടയിൽ ജില്ലാ പഞ്ചായത്തിലേക്ക് അടക്കം യുഡിഎഫിന് വിമതരുണ്ട്. ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിലും കുളനട പഞ്ചായത്തിലും ബി.ജെ.പി വിമതർ രംഗത്തെത്തിയപ്പോൾ കോന്നിയിലെ ഒരു വാർഡിൽ സി.പി.ഐ- സിപി.എം പോരിനും വേദിയൊരുങ്ങി. പത്രിക സമർപ്പണം പൂർത്തിയാകുമ്പോൾ ഇനി ചർച്ചകളുടെ രാപകലുകൾ തുടക്കമാവുകയാണ്. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്ന തിങ്കളാഴ്ചയ്ക്കുള്ളിൽ വിമതരെ സമാധാനിപ്പിക്കാൻ മുന്നണി നേതൃത്വങ്ങളുടെ സമവായ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.