കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വൈഷ്ണയുടെ പേര് വെട്ടാൻ ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തിയത് മേയർ ആര്യ രാജേന്ദ്രനെന്ന്  കെ.മുരളീധരൻ തുറന്നടിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി തുടരുമെന്നും മുരളീധരൻ പറഞ്ഞു. ആരോപണത്തിൽ പ്രതികരിക്കാതെ വിവാദം അവസാനിപ്പിക്കാനാണ് സി.പി.എം. ലക്ഷ്യമിടുന്നത്.

വൈഷ്ണയുടെ പേര് വെട്ടിയതിൽ കോർപ്പറേഷൻ ജീവനക്കാരുടെ പങ്ക് കൃത്യമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചതോടെയാണ് സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവും മേയർ ആര്യ രാജേന്ദ്രനെ കടന്നാക്രമിച്ച് കെ മുരളീധരനും രംഗത്തെത്തിയത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പതിമൂന്നാം തീയതി കോർപ്പറേഷനിൽ നേരിട്ട് എത്തിയാണ് ആര്യ ഇടപെട്ടതെന്നും മുരളീധരൻ മനോരമ ന്യൂസിനോട് പറഞ്ഞു

വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചതില്‍ സന്തോഷമെന്നും വോട്ട് വെട്ടാന്‍ ഇടപെട്ടത് ആരെന്ന് പാര്‍ട്ടി പറയുമെന്നും മുരളീധരന്റെ ആരോപണം ശരി വെച്ച് വൈഷ്ണ പ്രതികരിച്ചു. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ പുനസ്ഥാപിച്ചത് സിപിഎമ്മിനെ തിരിച്ചടിയായെങ്കിലും ഇതേപ്പറ്റിയോ കെ മുരളീധരന്റെ ആരോപണത്തെപ്പറ്റിയോ സിപിഎം പ്രതികരിച്ചിട്ടില്ല. പ്രതികരണങ്ങൾ നൽകി വിവാദം കത്തിച്ചാൽ  ഗുണകരമാവില്ല എന്നാണ് പാർട്ടി കണക്കാക്കുന്നത്

ENGLISH SUMMARY:

Vote controversy involves allegations of CPM conspiracy in removing Congress candidate Vaishna Suresh's name from the voter list. Opposition leaders demand an investigation and suspension of officials involved, while CPM remains silent.