കണ്ണൂര്‍ തില്ലങ്കേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെത്തിയാല്‍ മല്‍സരം ഒരു വീട്ടിലെ രണ്ടുപേര്‍ തമ്മിലാണ്. ബിജെപിക്കാരിയായ ചേച്ചിയും സിപിഎമ്മുകാരിയായ അനുജത്തിയും തമ്മില്‍. മല്‍സരം കടുക്കുമെന്നുറപ്പായ പടിക്കച്ചാല്‍ വാര്‍ഡില്‍ ആര് ജയിക്കുമെന്നറിയാന്‍ ആകാംക്ഷ ഉയരുകയാണ്.
പടിക്കച്ചാലിലെ ഗോവിന്ദന്‍–നളിനി ദമ്പതികളുടെ മൂത്ത മകള്‍ പി.കെ. പ്രമീള ബിജെപിയുടെ സ്ഥാനാര്‍ഥി. ബിജെപിയുടെ സിറ്റിങ് വാര്‍ഡ് നിലനിനിര്‍ത്താനുള്ള ശ്രമത്തിലാണ് പ്രമീള. പ്രമീളയുടെ അനുജത്തി പി.കെ പ്രജിന. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.
മല്‍സരം കടുക്കുമെന്നുറപ്പുണ്ടെങ്കിലും ചേച്ചിയും അനുജത്തിയും നല്ല കൂട്ടാണ്. രാഷ്ട്രീയം വീടിന്‍റെ പടിയ്ക്ക് പുറത്തുമാത്രം. പ്രമീളയെ പോലെ തന്നെ പ്രജിനയും. നിലപാടുകളില്‍ മാത്രമേ വ്യത്യാസമുള്ളൂ.
പലപ്പോഴും ഏറ്റുമുട്ടുന്ന രാഷ്ട്രീയ കക്ഷികളാണ് സി.പി.എമ്മും ബി.ജെ.പിയും. പടിക്കച്ചാല്‍ വാര്‍ഡില്‍ ആശയങ്ങള്‍ മാത്രമേ ഏറ്റുമുട്ടുന്നുള്ളൂ. രണ്ടുപേരുടെയും കന്നിയങ്കമാണെന്നത് മറ്റൊരു സവിശേഷത.