എറണാകുളത്ത് തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധിയുടെ ആഴംകൂട്ടി ചോറ്റാനിക്കര അടക്കം ആറു പഞ്ചായത്തുകളില്‍ വന്‍ വിമതനീക്കം. പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് അടക്കം നേതാക്കള്‍ സ്വതന്ത്രസ്ഥാനാര്‍ഥികളായി മല്‍സരിക്കും. അതിനിടെ, മുനമ്പം സമര സമിതി നേതാവിനെയും ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റിനെയും സ്ഥാനാര്‍ഥികളാക്കാനുള്ള യുഡിഎഫ് നീക്കം പാളി.
ആമ്പല്ലൂര്‍, മണീട്, ചോറ്റാനിക്കര, ഉദയംപേരൂര്‍, മുളന്തുരുത്തി, എടയ്ക്കാട്ടുവയല്‍ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി. പ്രാദേശിക നേതൃത്വം നിര്‍ദേശിച്ച പേരുകള്‍ വെട്ടി നേതാക്കളുടെ സ്വന്തം താല്‍പര്യത്തിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുവെന്നാണ് ആരോപണം. പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഓമന ശശിയും മുളന്തുരുത്തി ബ്ലോക് പഞ്ചായത്ത് അംഗം കെ.കെ അജി തുടങ്ങി പത്തിലധികം നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ എതിര്‍പ്പ് ഉയര്‍ത്തി സ്വതന്ത്രരായി മല്‍സരിക്കും.അനര്‍ഹരായവര്‍ക്ക് ടിക്കറ്റ് നല്‍കിയെന്നും കെപിസിസിക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും നടത്തുന്നവര്‍ ആരോപിക്കുന്നു.
മുനമ്പം ഭൂ സംരക്ഷണ സമിതി കണ്‍വീനര്‍ ജോസഫ് ബെന്നിയെ വൈപ്പിന്‍ ബ്ലോക് പഞ്ചായത്തിലെ മുനമ്പം ഡിവിഷനില്‍ നിന്ന് മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയെങ്കിലും മല്‍സരക്കുന്നതില്‍ നിന്ന് സമരസമിതി ഒടുവില്‍ പിന്മാറി. കൊച്ചി കോര്‍പറേഷന്‍ ചെറളായി ഡിവിഷനില്‍ നിന്ന് ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ശ്യാമള എസ് പ്രഭുവിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കവും പാളി