എസ്.ഐ.ആറിനെതിരെ കേരളം സുപ്രീംകോടതിയില്‍. തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്ഐആര്‍ തടയണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഹര്‍ജി. എസ്‌ഐആറും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികളും ഒരേ സംവിധാനം തന്നെ നടപ്പിലാക്കിയാൽ അത് ഭരണസംവിധാനത്തെ ബാധിക്കുമെന്നും രണ്ടും ഒരേ സമയം നടപ്പിലാക്കാൻ കഴിയില്ലെന്നുമാണ് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തെ ഹൈക്കടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിയിൽ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെയും വാദംകേട്ട ജസ്റ്റിസ് വി.ജി .അരുൺ സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് നിർദേശിക്കുകയായിരുന്നു.
അതേസമയം കേരളത്തില്‍ എസ്ഐആര്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഹര്‍ജി നല്‍കി. എസ്ഐആർ അടിയന്തരമായി നിറുത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗും സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ലീഗിനുവേണ്ടി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതേസമയം, ബി.എല്‍.ഒ അനീഷ് ജോര്‍ജിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ച കാര്യങ്ങള്‍ സംബന്ധിച്ച് കണ്ണൂര്‍ കലക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറും. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദവും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് അനീഷ് ജോര്‍ജ് ജീവനൊടുക്കാന്‍ കാരണമെന്നായിരുന്നു കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ജോലി സമ്മര്‍ദം വ്യക്തമാക്കി മൂന്ന് തവണ കലക്ടര്‍ക്ക് അനീഷ് പരാതി നല്‍കിയെങ്കിലും ഇടപെട്ടില്ലെന്ന വിമര്‍ശനമാണ് ജോയിന്‍റ് കൗണ്‍സില്‍ ഭാരവാഹികള്‍ ഉയര്‍ത്തുന്നത്.
കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് അനീഷ് ജോര്‍ജിന്‍റെ കുടുംബവും തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥ വീഴ്ച വ്യക്തമാക്കുന്ന തെളിവുകള്‍ അനീഷ് ജോര്‍ജിന്‍റെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പുറത്ത് വിടുമെന്നും അറിയിച്ചിട്ടുണ്ട്. സ്വന്തം വീഴ്ച മറയ്ക്കാന്‍ കണ്ണൂര്‍ കലക്ടര്‍ അനീഷ് ജോര്‍ജിന് വ്യക്തിപരമായ സമ്മര്‍ദമുണ്ടെന്ന കാര്യം ബോധപൂര്‍വം ഉയര്‍ത്തുന്നുവെന്ന വിമര്‍ശനവും ഒരുവിഭാഗം ജീവനക്കാര്‍ക്കുണ്ട്.