തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് വെല്ലുവിളിയായി പാർട്ടി പ്രവർത്തകരുടെ ആത്മഹത്യകൾ. മുൻ കൗൺസിലർ തിരുമല അനിൽ, ആർഎസ്എസ് പ്രവർത്തകൻ ആനന്ദ്.കെ.തമ്പി എന്നിവരുടെ മരണങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയാകുമോ എന്ന് തിരുമല, തൃക്കണ്ണാപുരം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലെ വോട്ടർമാർക്കിടയിൽ ചർച്ചയാവുന്നത്.
സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജീവനൊടുക്കിയ ആനന്ദ് തമ്പി തന്‍റെ ആത്മഹത്യാക്കുറിപ്പിൽ, 'എന്‍റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്' എന്ന് കുറിച്ചു. ഈ ആത്മഹത്യകൾ വ്യക്തിപരമായ വിഷയങ്ങളാണെന്നും പാർട്ടിയെ ബാധിക്കില്ലെന്നും ഒരു വിഭാഗം വാദിക്കുമ്പോൾ, ഇത് ജനങ്ങൾക്കിടയിൽ പാർട്ടിയുടെ പ്രതിച്ഛായയെ മോശമാക്കുമെന്നും തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും മറുവിഭാഗം കരുതുന്നു.
യു.ഡി.എഫിനും എൽ.ഡി.എഫിനും സാധ്യത കൽപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് ഈ മരണങ്ങൾക്ക് കാരണമെന്ന വിമർശനവും ശക്തമാണ്.