എംജി സർവകലാശാല സംഘർഷത്തിൽ പി.എം.ആർഷോയ്ക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് ഉന്നയിച്ച ആക്ഷേപം പച്ചക്കള്ളമായിരുന്നുവെന്ന് മുൻ എഐഎസ്എഫ് നേതാവ് എ.എ.സഹദ്. ആർഷോ ജാതി അധിക്ഷേപവും സ്ത്രീവിരുദ്ധ പരാമർശവും നടത്തി ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റായിരുന്നെന്ന് സഹദ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. മുന്‍ എഐഎസ്എഫ് നേതാവും സംസ്ഥാന കൗൺസിൽ അംഗമായിരുന്ന സഹദിനും അന്ന് മർദനമേറ്റിരുന്നു. അന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു ആര്‍ഷോ.
വനിതാ നേതാവിന്‍റെ വ്യക്തി വിരോധത്തിന്‍റെ ബാക്കിപത്രമായിരുന്നു ആക്ഷേപമെന്നും അന്ന് എഐഎസ്എഫ് സംസ്ഥാന കൗൺസിൽ അംഗമായിരുന്ന തനിക്ക് ഈ വിഷയം കൃത്യമായി അറിയാവുന്നതാണെന്നും സഹദ് പറയുന്നു. ‘ഇത് നാടകമാണെന്ന് അതുകഴിഞ്ഞു നടന്ന എഐഎസ്എഫ് സംസ്ഥാന കൗൺസിൽ മീറ്റിങില്‍, കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തതതാണ്. എന്നാൽ, സംഘടന ഈ സത്യം പ്രവർത്തകർക്കിടയിലേക്ക് പോലും റിപ്പോര്‍ട്ട് ചെയ്തില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പിന്നീട് താൻ എഐഎസ്എഫ് സംസ്ഥാന കൗൺസിലിൽ നിന്നും രാജി വെച്ചതെന്നും സഹദ് കുറിച്ചു.
ഇനിയും ആർഷോയെ വേട്ടയാടുമ്പോൾ മൗനം പാലിക്കാൻ സാധ്യമല്ലെന്നും ഒരു തരിയെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടെങ്കിൽ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം നടന്ന ബിജെപി അക്രമത്തിൽ ആർഷോക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും സഹദിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ‘രാഷ്ട്രീയ മര്യാദ കാണിക്കേണ്ടവർ അതിന് നേർവിപരീതം പ്രവർത്തിച്ചപ്പോഴും പച്ചകള്ളങ്ങൾ പ്രചരിപ്പിച്ചപ്പോഴും അതെല്ലാം ബിജെപി പോലുള്ള വർഗീയ കക്ഷികളും രാഷ്ട്രീയ എതിരാളികളും നിരന്തരം തനിക്കെതിരെ ഉപയോഗിക്കുമ്പോഴും പൊതുപ്രവർത്തന മേഖലയിലും വ്യക്തി ജീവിതത്തിലും പ്രതികൂലമായി ബാധിക്കാൻ സർവത്ര സാധ്യതകൾ ഉള്ളപ്പോഴും ദളിത് വിരുദ്ധനെന്നും സ്ത്രീ വിരുദ്ധനെന്നും പറഞ്ഞ് പൊയ്ചാപ്പ കുത്തുമ്പോഴും തന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഉരുക്ക് മനുഷ്യാ, പ്രിയ സഖാവേ ആർഷോ, ലാൽസലാം പറയാതെ വയ്യ’ സഹദ് കുറിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി മനോരമ ന്യൂസ് പാലക്കാട് സംഘടിപ്പിച്ച വോട്ടുകവലയിലാണ് ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവനും പിഎം ആര്‍ഷോയും ഏറ്റുമുട്ടിയത്. പാലക്കാട് നഗരസഭയില്‍ സിപിഎം പത്ത് സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന പ്രശാന്ത് ശിവന്‍റെ വെല്ലുവിളിയാണ് സംഘര്‍ഷത്തിന് തിരി കൊളുത്തിയത്. പരാമര്‍ശങ്ങള്‍ അതിരുവിട്ടതോടെ പ്രശാന്ത് ശിവനും ആര്‍ഷോയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായിരുന്നു.