കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് ഇന്നാണ് സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മുന്‍ പ്രസിഡന്‍റായിരുന്ന പി.പി ദിവ്യയെ ഒഴിവാക്കിയായിരുന്നു സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ദിവ്യ മത്സരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനിൽ വി.വി. പവിത്രനാണ് പുതിയ സ്ഥാനാർത്ഥി. എന്നാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ വിശദീകരണവുമായി പി.പി ദിവ്യ ഫെയ്സബുക്കില്‍ കുറിപ്പിട്ടു.
സിപിഎം തനിക്ക് വലിയ പരിഗണന നല്‍കിയെന്നും അത്രത്തോളം പരിഗണന ജില്ലാ പഞ്ചായത്തില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലെന്നും പി.പി ദിവ്യ എഴുതി. ''സാമാന്യ ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു വ്യക്തി മൂന്നു തവണ മത്സരിക്കുന്നത് തന്നെ അപൂർവമാണെന്ന്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ചുമതല വഹിച്ചു, 15 വർഷം പൂർത്തിയാക്കി'', പി.പി ദിവ്യ എഴുതി. ഇതൊക്കെ മറച്ചു വെച്ച് വാർത്ത ദാരിദ്ര്യം കാണിക്കാൻ ഓരോ വാർത്തയുമായി വന്നു കൊള്ളും എന്നാണ് ദിവ്യയുടെ വിമര്‍ശനം.
നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് പി.പി ദിവ്യ. ഈ കേസിലെ വിവാദത്തിന് പിന്നാലെയാണ് ദിവ്യയെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറ്റുന്നത്. ദിവ്യ മത്സരിച്ചിരുന്ന കല്യാശേരി ഡിവിഷനില്‍ വി.പി പവിത്രനാണ് സിപിഎം സ്ഥാനാര്‍ഥി. 16 ഡിവിഷനുകളിലാണ് സിപിഎം മത്സരിക്കുന്നത്. നിലവിലെ വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. എസ്.എഫ്.ഐ. സംസ്ഥാന മുൻ പ്രസിഡന്റ് കെ. അനുശ്രീ പിണറായി ഡിവിഷനിൽ നിന്നും മത്സരിക്കും.