പി.എം.ശ്രീയില്‍ മെല്ലെ പോകാന്‍ സിപിഎം തീരുമാനം. പദ്ധതി മരവിപ്പിച്ചു എന്ന കത്ത് ഉടന്‍ കേന്ദ്ര സര്‍ക്കാരിനയക്കില്ല. ഇന്ന് മന്ത്രിസഭ ചേരുന്നുണ്ടെങ്കിലും പി.എം ശ്രീ പഠിക്കാനുള്ള മന്ത്രിസഭാ ഉപസമിതിയും ചേരാനിടയില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കാര്യങ്ങള്‍ മാറിയതോടെ പി.എം.ശ്രീയില്‍ മെല്ലെ പോകാനാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും തീരുമാനം. ഇതോടെ പിണങ്ങാനും ഇണങ്ങാനും വയ്യാത്ത കുരുക്കില്‍പെട്ടിരിക്കുകയാണ് സിപിഐ.
മന്ത്രിസഭയും മുന്നണിയും അറിയാതെ ഒപ്പിട്ട കരാര്‍ മരവിപ്പിച്ചു എന്ന് കേന്ദ്രത്തെ വാക്കാല്‍ അറിയിച്ചു എന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. സിപിഐ ഉള്‍പ്പെടെ ആരും ഇതൊന്നും വിശ്വസിക്കില്ലെന്ന് വ്യക്തം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ പി.എം.ശ്രീ വീണ്ടും ഉയര്‍ത്തി മുന്നണിക്കോ സര്‍ക്കാരിനോ പ്രശ്നം ഉണ്ടാക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മന്ത്രിസഭാ ഉപസമിതി വേഗം ചേരുന്ന ലക്ഷണവുമില്ല. ചേര്‍ന്നാലും വിഷയം എത്രകാലം വേണമെങ്കിലും നീട്ടിക്കൊണ്ടു പോകാനുമാകും. ചുരുക്കത്തില്‍ പി.എം.ശ്രീ ത്രിശങ്കുവില്‍ നില്‍ക്കും. പക്ഷെ സിപിഐ ഇതിനെ എങ്ങിനെ നേരിടുമെന്നത് വരും ദിവസങ്ങളില്‍കാണാം. എല്ലാം പരസ്പരം പറഞ്ഞു പരിഹരിച്ചു എന്ന് സ്വന്തം അണികളോടുപോലും വിശദീകരിക്കാനാവില്ല. കത്തയക്കാന്‍വൈകുന്നതെന്തന്ന ചോദ്യത്തിനും മറുപടിയില്ല. തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സ്വരം കടുപ്പിക്കാനുമാവില്ല. പി.എം.ശ്രീയെകുറിച്ച് സിപിഐക്കുള്ളില്‍ ഉരുണ്ടു കൂടുന്ന അതൃപ്തി കടുത്താല്‍മാത്രമെ നേതൃത്വം വീണ്ടും പരസ്യ പ്രതികരണത്തിലേക്ക് നീങ്ങിയേക്കും.
എന്നിരുന്നാലും പിഎംശ്രീ പദ്ധതി മരവിപ്പിക്കുന്നതായി കേന്ദ്ര സർക്കാരിന് കത്ത് നൽകാൻ വൈകുന്നതിൽ സിപിഐ നേതൃത്ത്വത്തിൽ കടുത്ത അമർഷമുണ്ട്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഡൽഹിയിൽ പോയി കേന്ദ്ര വിദ്യാഭാസ മന്ത്രിയെ കണ്ടിട്ടും കത്ത് നൽകാത്തത് എന്തെന്ന ചോദ്യമാണ് സി.പി.ഐ നേതാക്കൾക്കിടയിൽ ഉയർന്നത്. കത്ത് നീട്ടുന്നതിൽ സിപിഎം സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിക്കാനാണ് സിപിഐ ആലോചന. എന്നാൽ ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ വിഷയം ഉന്നയിച്ചേക്കില്ല എന്നാണ് വിവരം. കത്ത് വൈകിപ്പിക്കുന്നത് കബളിപ്പിക്കൽ എന്ന വികാരം സിപിഐയിൽ ശക്തമാവുകയാണ്.