തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് കെ.എസ്. ശബരീനാഥന്‍. പഴയ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ തവണ വിമതര്‍ കാരണം തോറ്റ നിരവധി സീറ്റുകളുണ്ടായിരുന്നു. ഇക്കുറി അത് പരിഹരിച്ചെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. കേരളത്തില്‍ എല്ലായിടത്തും മികച്ച വിജയം നേടുമെന്നും ഇടതുപക്ഷത്തിനെതിരായ പൊതുവികാരം കോര്‍പറേഷനുകളിലടക്കം പ്രകടമാണെന്നും ശബരീനാഥന്‍ അവകാശപ്പെട്ടു.
ബിജെപി ഭരിക്കുന്ന പന്തളവും പാലക്കാടുമാണ് ഏറ്റവും മോശം ഭരണം നടക്കുന്ന മുൻസിപ്പാലിറ്റികൾ. വിജയിക്കണം എന്ന ലക്ഷ്യം താഴേത്തട്ട് മുതലുണ്ടെന്നും അത് നേട്ടമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. കോര്‍പറേഷനില്‍ മല്‍സരിക്കുന്നതില്‍ താന്‍ എക്സൈറ്റഡാണെന്ന് വെളിപ്പെടുത്തിയ ശബരീനാഥന്‍ മുൻ എംഎൽഎയോ കെപിസിസി ജനറൽ സെക്രട്ടറി എന്നതല്ല കാര്യമെന്നും പാര്‍ട്ടി പറഞ്ഞത് അനുസരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തിരുവനന്തപുരം കോർപറേഷനിൽ മത്സരചിത്രം തെളിഞ്ഞമട്ടാണ്. കോൺഗ്രസിന് പിന്നാലെ ബിജെപി 67 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. മുൻ ഡിജിപി ആർ ശ്രീലേഖ, മുൻ ജില്ലാ അധ്യക്ഷൻ വി.വി രാജേഷ്, കോൺഗ്രസ് വിട്ടെത്തിയ തമ്പാനൂർ സതീഷ്, പത്മിനി തോമസ് തുടങ്ങിയ പ്രമുഖരെയാണ് ബിജെപി കളത്തിൽ ഇറക്കിയിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഉച്ചയോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടുഘട്ടമായി ഡിസംബര്‍ 12ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തും. ഡിസംബര്‍ 21ന് മുന്‍പ് തദ്ദേശ ഭരണ സമിതികള്‍ ചുമതല ഏറ്റെടുക്കണം. അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. സംവരണ മണ്ഡലങ്ങളുടെ വിജ്ഞാപനം കഴിഞ്ഞ ദിവസം വന്നിരുന്നു. ഉദ്യോഗസ്ഥരുടെ വിന്യാസം സംബന്ധിച്ചും തീരുമാനമെടുത്തിട്ടുണ്ട്. 941 ഗ്രാമപഞ്ചായത്തുകളില്‍ 17,337 വാര്‍ഡുകളിലും, 87 മുന്‍സിപ്പാലിറ്റികളിലായി 3,240 വാര്‍ഡുകളിലും ആറു കോര്‍പ്പറേഷനുകളിലായി 421 വാര്‍ഡുകളിലുമാണ് തിരഞ്ഞെടുപ്പ്.