തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങൾക്കപ്പുറം സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം ആളിക്കത്തിക്കാൻ യുഡിഎഫ്. ജനകീയ കോടതിയിൽ സർക്കാരിനെ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള പ്രതിഫലിക്കുമെന്ന് കെ കെ.സി.വേണുഗോപാൽ വ്യക്തമാക്കിയപ്പോൾ, വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മനോരമന്യൂസിനോട് പറഞ്ഞു. 

തിരഞ്ഞെടുപ്പ് തദ്ദേശസ്ഥാപനങ്ങളിലേക്കാണെങ്കിലും പ്രചാരണ വിഷയങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ടീസർ ആയിരിക്കുമെന്ന് ഉറപ്പായി.  പ്രാദേശിക തലത്തിൽ പ്രകടനപ്രത്രികകളുണ്ടാകുമെങ്കിലും യുഡിഎഫിന്റെ വോട്ടുപിടിത്തം പിണറായി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിത്തന്നെയാണ്. ഭരണവിരുദ്ധവികാരം ഉയർത്തി പ്രതിപക്ഷ നേതാവ് തന്നെ അക്കാര്യം അടിവരയിട്ടു. 

പ്രചാരണവിഷയങ്ങളുടെ മുൻസീറ്റിൽ ശബരിമല സ്വർണ്ണക്കൊള്ളയെ തന്നെയാണ് പ്രതിപക്ഷം പ്രതിഷ്ഠിക്കുന്നത്.  നേതൃതലത്തിൽ ഹൈക്കമാൻഡ് തുന്നിക്കെട്ടിയ യോജിപ്പ്. സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചുള്ള പ്രചാരണം. കോൺഗ്രസിന് പരിചിതമില്ലാത്ത രീതി യുഡിഎഫിന്റെയാകെ  ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. അതിനിടയിൽ വെൽഫയർ പാർട്ടിയുമായി ഒരു ധാരണയും യുഡിഎഫ് താൽപര്യപ്പെുന്നില്ല. 

പുനഃസംഘടനയിലെ മുറുമുറുപ്പിനെയും സംഘടനാപ്രശ്നങ്ങളെയും വടിയെടുത്ത് മറിക്കടക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. അതേസമയം, മുസ്ലിംലീഗും കേരളാ കോൺഗ്രസും പലയിടത്തും ഒറ്റയ്ക്ക് മത്സരിക്കുന്നത് മുന്നണിക്കുള്ളിൽ കല്ലുകടിയായിട്ടുണ്ട്. പ്രശ്നങ്ങളൊക്കെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള 24ന് മുൻപ് തീർക്കാനാണ് ശ്രമം.  ഉപതിരഞ്ഞെടുപ്പുകളിൽ പയറ്റിവിജയിച്ച ടീം യുഡിഎഫ് മന്ത്രം തന്നെയാണ് തദ്ദേശത്തിനും പ്രതിപക്ഷത്തിന്റെ പ്രധാനതന്ത്രം. 

ENGLISH SUMMARY:

UDF local elections focus on anti-government sentiment. The UDF aims to leverage public discontent with the current state government in the upcoming local body elections.