പാലക്കാട് പട്ടാമ്പിയിൽ കോൺഗ്രസിൽ പൊട്ടിത്തെറി. ‘വി ഫോർ പട്ടാമ്പി’ നേതാവ് ടി.പി.ഷാജിയെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതാവ്, വിമത സ്ഥാനാർഥിയായി രംഗത്തെത്തി. കോണ്‍ഗ്രസ് സജീവ പ്രവർത്തകനായ അബ്ദുൽ വാഹിദ് ആണ് സ്വതന്ത്ര സ്ഥാനാർഥിയാകുന്നത്.
കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെടുകയും ‘വി ഫോർ പട്ടാമ്പി’ രൂപീകരിച്ചു സിപിഎമ്മുമായി ചേർന്ന് ഭരണം പിടിക്കുകയും ചെയ്ത ടി.പി.ഷാജി കഴിഞ്ഞ ദിവസമാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. പാർട്ടിയുടെ നീക്കത്തിനെതിരെ പ്രവർത്തകർക്കിടയിൽ പ്രതിഷേധം പുകയുന്നുണ്ട്. വീ ഫോർ പട്ടാമ്പി കോൺഗ്രസിൽ ലയിച്ചതോടെ പ്രവർത്തകർക്ക് മത്സരിക്കാനുള്ള അവസരം നഷ്ടമായെന്ന് ആരോപിച്ചാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അബ്ദുൽ വാഹിദ് കോൺഗ്രസിനെതിരെ വിമത സ്ഥാനാർഥിയായത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി പാർട്ടി നിർദേശ പ്രകാരം എല്ലാ ഒരുക്കങ്ങളും നടത്തിയെന്നും അവസാന നിമിഷം സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നും അബ്ദുൽ വാഹിദ് പറഞ്ഞു. പട്ടാമ്പിയിലെ കോൺഗ്രസ് പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ലാതെയാണ് തീരുമാനങ്ങൾ നടക്കുന്നുവെന്നും വാഹിദ് ആരോപിച്ചു. ആറ് മെമ്പർമാർക്കൊപ്പം പാർട്ടിയിലെത്തിയ ടി.പി.ഷാജി വിഭാഗത്തിന് വേണ്ടി സീറ്റ് നീക്കിവെക്കേണ്ടി വന്നതോടെയാണ് പാർട്ടിയിൽ ഭിന്നത രൂക്ഷമായത്.