പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ടൂറിസം പദ്ധതിയിൽ കരാർ ലംഘനം ഉണ്ടായെന്ന് ജലവകുപ്പിൻ്റെ കണ്ടെത്തൽ. ഉദ്യാനത്തിൽ നിന്ന് പിരിച്ച തുക, കരാർ കമ്പനി തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ കത്ത് നൽകി.
കാഞ്ഞിരപ്പുഴയിൽ, ഉദ്യാനം ഉൾപ്പെടെയുള്ള പദ്ധതികൾ പൂർത്തിയാകും വരെ വിനോദ സഞ്ചാരികളിൽ നിന്ന് പണം പിരിക്കരുതെന്ന കരാർ, സ്വകാര്യ കമ്പനി ലംഘിച്ചെന്നാണ് കണ്ടെത്തൽ. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്.എസ്.ഐ.ടി റീഡിഫൈൻ ഡെസ്റ്റിനേഷൻ എന്ന കമ്പനിയാണ് കരാറുകാർ. കഴിഞ്ഞവർഷം നവംബർ മുതൽ ഈ ഫെബ്രുവരി വരെ ലഭിച്ച വരുമാനം തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ കരാർ കമ്പനിക്ക് കത്ത് നൽകി.
161 കോടി രൂപയാണ് വിനോദസഞ്ചാര പദ്ധതിക്കായി ആവശ്യമുള്ളത്. 30 വർഷത്തേക്കാണ് കരാർ. യാതൊരു പ്രവർത്തന പരിചയവുമില്ലാത്ത കമ്പനിക്ക് കരാർ കൊടുത്തത് സംശയാസ്പദം എന്നാണ് ഉയരുന്ന ആരോപണം. ഈ മാസം 28നുള്ളിൽ തുക തിരിച്ചു തരണം എന്നാണ് അന്ത്യശ്വാസം നൽകിയിരിക്കുന്നത്. എന്നാൽ വരുമാനത്തിന്റെ ഒരു ഭാഗം ട്രഷറിയിൽ അടച്ചതിന്റെ രേഖ ഹാജരാക്കാൻ തയ്യാറാണെന്ന് കരാർ കമ്പനി വിശദീകരിച്ചു.