സിഎംപിയില്‍ നിന്ന് മണ്ഡലം, കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന സൂചന ശക്തമാകുന്ന പാലക്കാട് നെന്‍മാറയില്‍ വാശിയേറിയ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഡിസിസി പ്രസിഡന്‍റ് എ.തങ്കപ്പനെതിരെ വന്ന പോസ്റ്റര്‍ പ്രചാരണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ശ്രദ്ധാകേന്ദ്രമാകുകയാണ് നെന്‍മാറ മണ്ഡലം. സിഎംപിയില്‍ നിന്ന് മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യത നിലനില്‍ക്കേ കോണ്‍ഗ്രസ്–സിപിഎം രാഷ്ട്രീയപ്പോര് തുടങ്ങി. ഡിസിസി പ്രസിഡന്‍റ് എ.തങ്കപ്പനെതിരെ മണ്ഡലത്തില്‍ പ്രചരിച്ച പോസ്റ്ററുകള്‍ക്ക് എതിരെയാണ് പ്രതിഷേധം. സ്വന്തം വാര്‍ഡ് ജയിപ്പിക്കാന്‍ കഴിയാത്തയാളെ നെന്‍മാറക്ക് വേണ്ട എന്ന പോസ്റ്ററിന് പിന്നില്‍ ഇടതു ക്യാംപാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം ഇടത് ആധിപത്യം തകര്‍ക്കാന്‍ യുഡിഎഫിനായിട്ടില്ല. രണ്ട് ടേം പൂര്‍ത്തിയാക്കിയ കെ.ബാബുവിന് പകരം ഇത്തവണ ഏരിയ സെക്രട്ടറി കെ.പ്രേമനെയാകും സിപിഎം രംഗത്തിറക്കുക. നെന്‍മാറ ശ്രദ്ധിക്കേണ്ട മണ്ഡലങ്ങളില്‍ ഒന്നാണെന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശവും നല്‍കിയിരുന്നു. അതേസമയം, സീറ്റ് ഏറ്റെടുത്താല്‍ വിജയ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ENGLISH SUMMARY:

Palakkad's Nenmara constituency is witnessing an intense political battle as the Congress is expected to take over the seat from CMP. The Congress has accused CPM of being behind the poster campaign against DCC President A. Thankappan, highlighting the shifting political dynamics in the region.