യു.എസ്. ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. യു.എസ്. ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോള്‍ അനുസരണയുള്ള സേവകനായി മോദി കേള്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. നാളെ ചേരുന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കും.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം കടുത്തത്. ആക്രമണത്തില്‍ ജയശങ്കര്‍ പ്രതിഷേധം അറിയിച്ചപ്പോള്‍ യു.എസ്. സേനയുടെ നിര്‍ദേശങ്ങള്‍ പാലിച്ചു മാത്രമെ കപ്പലുകള്‍ യാത്രചെയ്യാവു എന്ന മറുപടിയാണ് റൂബിയോയില്‍ നിന്ന് ഉണ്ടായത്. പരമാധികാര രാഷ്ട്രത്തിന് സഹിക്കാനാവുന്ന ഭാഷയല്ല ഇതെന്നും കീഴടങ്ങിയ പ്രധാനമന്ത്രി മൗനം പാലിക്കുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമേരിക്ക ഖേദമോ അനുശോചനമോ പ്രകടിപ്പിക്കാത്തത് ഞെട്ടിപ്പിക്കുന്നതെന്ന് ശശി തരൂർ. അമേരിക്കയോട് മാപ്പ് ആവശ്യപ്പെടാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ലജ്ജാകരമെന്ന് പവന്‍ ഖേരയും പ്രതികരിച്ചു
സമുദ്ര സുരക്ഷയും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ യോഗത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. അസോസിയേഷനില്‍ ഇറാന്‍ അംഗവും യു.എസ്. നിരീക്ഷക രാജ്യവുമാണ്. ഒമാന്‍, യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും പങ്കെടുക്കും. ബുധനാഴ്ച ഫ്രാന്‍സില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമ്പോഴും ഇന്ത്യന്‍ നാവികര്‍ക്ക് എതിരായ ആക്രമണം ചര്‍ച്ചയായേക്കും.