തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനവും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു കഴിഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് ആവേശമില്ലാതെ ഒരു നഗരസഭയുണ്ട് കേരളത്തില്‍. കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭ. സ്ഥാനാര്‍ഥി ചര്‍ച്ചകളോ പ്രചാരണങ്ങളോ ഒന്നും മട്ടന്നൂരിനെ ബാധിക്കുന്നേയില്ല. എന്നാല്‍ അതിന് കാരണമെന്താണ്?
മട്ടന്നൂര്‍ പഞ്ചായത്ത് മുനിസിപ്പാലിറ്റിയായത് 1997ലാണ്. രാഷ്ട്രീയത്തര്‍ക്കവും നിയമപോരാട്ടവുവുമുണ്ട് ആ ചരിത്രത്തിന് പിന്നില്‍. 1990ല്‍ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കിയത്. യുഡിഎഫ് ഇതിനെതിരെ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങി. 1991 ല്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പഴയ തീരുമാനം തിരുത്തി വീണ്ടും പഞ്ചായത്താക്കി. അതിനെതിരെ എല്‍ഡിഎഫും നിയമവഴിക്കിറങ്ങി. 1997ല്‍ ഇ.കെ നായനാര്‍ സര്‍ക്കാര്‍ തിരിച്ചെത്തിയപ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ മട്ടന്നൂരിനെ വീണ്ടും നഗരസഭയാക്കി ഉത്തരവിറക്കി. മറ്റിടങ്ങളിലെല്ലാം 1995 ല്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നിയമക്കുരുക്കില്‍പെട്ട മട്ടന്നൂരില്‍ 97ലാണ് തിരഞ്ഞെടുപ്പ് നടത്താനായത്.
നാടെങ്ങും തിരഞ്ഞെടുപ്പ് ആവേശത്തിലമരുമ്പോള്‍ മട്ടന്നൂര്‍ ശാന്തമായിരിയ്ക്കും. ആ സമയം മട്ടന്നൂരിലെ നേതാക്കളും പ്രവര്‍ത്തകരും അടുത്തുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തനത്തിനിറങ്ങും. 2027 ആകുമ്പോള്‍ ശ്രദ്ധമുഴുവന്‍ മട്ടന്നൂരിലേക്ക് കേന്ദ്രീകരിക്കും. തിരഞ്ഞെടുപ്പ് മട്ടന്നൂരിലില്ലെങ്കിലും പെരുമാറ്റച്ചട്ടം ബാധകമാണ്. പക്ഷേ, ഇളവുകള്‍ ലഭിയ്ക്കും. എല്‍ഡിഎഫിന്‍റെ ഉറച്ചകോട്ടയായ മട്ടന്നൂരില്‍ ഇതുവരെ യുഡിഎഫ് അധികാരത്തിലെത്തിയിട്ടില്ല.