കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്.സുജിത് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്കാണ് മല്‍സരിക്കുന്നത്. ഈ ജനവിധി പൊലീസിന് എതിരായ വിധിയെഴുത്താകുമെന്ന് സുജിത് പറഞ്ഞു. ഇരുപത്തിയഞ്ചു വര്‍ഷമായി സി.പി.എം ഭരിക്കുന്ന ചൊവ്വന്നൂര്‍ പഞ്ചായത്തിലാണ് ഇനി പോരാട്ടം.
2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. ചൊവ്വന്നൂരില്‍ വഴിയരികില്‍ നിന്നിരുന്ന തന്റെ സുഹൃത്തുക്കളെ അകാരണമായി പൊലീസുകാര്‍ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂരമര്‍ദ്ദനത്തിന് ഇടയാക്കിയത്. സുജിത്തിന്റെ ഇടപെടൽ ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ നുഹ്മാന്‍ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും മർദ്ദിക്കുകയുമായിരുന്നു.
രണ്ട് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സ്റ്റേഷനിലെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സുജിത്ത് നേടിയെടുത്തു. മര്‍ദനത്തിന്റെ തീവ്രത ജനം കണ്ടപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പണിപോയി. നാലു ഉദ്യോഗസ്ഥരും സസ്പെന്‍ഷനില്‍. സുജിത്തിനെ മര്‍ദിച്ച പൊലീസിന് എതിരെ കേരളം മുഴുവന്‍ പ്രക്ഷോഭം നടത്തി. സമരത്തിന്റെ തീച്ചൂടിനു പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടി വന്നു. ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സുജിത്ത് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.