തിരുവനന്തപുരത്ത് ബൈക്ക് മോഷണ കേസ് പ്രതികൾക്കെതിരെ മൂന്നാംമുറ പ്രയോഗിച്ച ഫോർട്ട് സ്റ്റേഷനിലെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ. ശ്രീകുമാര്‍, സുനിൽ, സിജുമോൻ, ഗിരീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മര്‍ദനത്തില്‍ വൃക്കകളും മസിലും തകർന്ന ജിനു അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉദയകുമാറിനെ ഉരുട്ടിക്കൊന്ന് വിവാദത്തിലായ അതേ ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരാണ് വീണ്ടും വിവാദത്തിലായിരിക്കുന്നത്. നാല് ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്.
തിരുവനന്തപുരത്തെ ഒരു ബാറിന് മുന്നിൽ വെച്ച് ബൈക്ക് മോഷ്ടിച്ച കേസിലാണ് ജിനുവിനെ കൊച്ചിയിൽ നിന്നും ഉണ്ണിയെ തിരുവനന്തപുരത്ത് നിന്നും ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് റിമാൻഡ് ചെയ്ത് പൂജപ്പുര ജില്ലാ ജയിലിലാക്കി. ജയിലിൽ പ്രവേശിച്ചയുടൻ ആരോഗ്യസ്ഥിതി മോശമായ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജിനുവിന്റെ വൃക്കകൾക്കും പേശികൾക്കും കാര്യമായ ക്ഷതമേറ്റെന്ന കാര്യം വ്യക്തമായത്. തുടർന്ന് ഫോർട്ട് എസിപി നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്‍റെ മൂന്നാംമുറ വെളിപ്പെട്ടത്.
കൊച്ചിയിൽ വെച്ച് പൊലീസ് പിടികൂടിയ ജിനുവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന ഫോർട്ട് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർ അവിടെ വെച്ച് ചുറ്റിക ഉപയോഗിച്ചും തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്ന വഴി വാഹനത്തിൽ വെച്ചും മർദിച്ചതായാണ് കണ്ടെത്തൽ. ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ഗ്രേഡ് എസ്ഐ ശ്രീകുമാറും ജിനുവിനെയും ഉണ്ണിയെയും അതിക്രൂരമായി മർദിച്ചു. ഇത് സിസിടിവി ദൃശ്യങ്ങളിലും പതിഞ്ഞിട്ടുണ്ട്. ഇതേത്തുടർന്നാണ് ശ്രീകുമാറിനെക്കൂടാതെ സുനിൽ, സിജുമോൻ, ഗിരീഷ് എന്നിവരെയും സസ്‌പെൻഡ് ചെയ്തുകൊണ്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിറക്കിയത്. മോഷണം പോയ ബൈക്ക് തേടി എറണാകുളത്തെത്തിയ ഫോർട്ട് പൊലീസ് ചുറ്റികൊണ്ട് മർദിച്ചു എന്ന് വർക്ക്ഷോപ്പ് ഉടമയും ആരോപിക്കുന്നുണ്ട്.