പാവയ്ക്ക പാചകം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 37കാരനായ മകൻ 65 വയസ്സുള്ള തന്റെ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽലെ ഡോൺഗർഗാവ് ഗ്രാമത്തിലാണ് സംഭവം. സുമിത്ര പെത്കുല എന്ന വയോധികയെ കൊലപ്പെടുത്തിയ കേസിൽ മകൻ ജഗദീഷ് പെത്കുലെയാണ് അറസ്റ്റിലായത്. 

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ; അമ്മയെ കൊലപ്പെടുത്തിയ ജഗദീഷ് മദ്യത്തിന് അടിമയായിരുന്നു. മദ്യപാനം കാരണം അയാളുടെ ഭാര്യ രണ്ട് മാസം മുമ്പ് വീട് വിട്ടുപോയിരുന്നു. അതിനുശേഷം ജഗദീഷ് അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം രാത്രിയിൽ, മദ്യപിച്ച് വീട്ടിലെത്തിയ ജഗദീഷ്, തനിക്ക് ഇഷ്ടപ്പെടാത്ത വിഭവമായ പാവയ്ക്ക പാചകം ചെയ്യുന്നതിനെച്ചൊല്ലി അമ്മയുമായി വഴക്കിട്ടു.   

ആഹാരത്തിനൊപ്പം സുമിത്ര പാവയ്ക്ക കൊണ്ടുണ്ടാക്കിയ വിഭവം വിളമ്പിയതാണ് മകനെ പ്രകോപിപ്പിച്ചത്. ബഹളം വെച്ച ജഗദീഷ് അമ്മയുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. അമ്മയും തിരികെ ദേഷ്യപ്പെട്ട് സംസാരിച്ച് തുടങ്ങിയതോടെ ജഗദീഷ് ക്രൂരമായ മർദ്ദനം ആരംഭിക്കുകയായിരുന്നു. ക്രൂര മര്‍ദനമേറ്റ 65കാരിയായ സുമിത്ര തൽക്ഷണം മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ. 

കൊലയ്ക്കുശേഷം വീട് വിട്ട് അയല്‍വീടുകളിലെത്തിയ ജഗദീഷ് താൻ അമ്മയെ കൊന്നെന്ന് അയൽവാസികളോട് പറഞ്ഞെങ്കിലും മദ്യലഹരിയിൽ പറയുന്നതാണെന്ന് കരുതി ആരും ഗൗരവത്തിലെടുത്തില്ല. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ജഗദീഷ് ഇക്കാര്യം ആവര്‍ത്തിച്ചതോടെയാണ്  സംശയം തോന്നിയ ചിലർ വീട്ടിലെത്തി നോക്കിയത്. അപ്പോഴാണ് സുമിത്രയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. അവർ അറിയിച്ചതനുസരിച്ച് സംഭവ സ്ഥലത്തെത്തിയ പൊലീസാണ് പ്രതിയെ പിടികൂടിയത്. 

ENGLISH SUMMARY:

A 37-year-old son, addicted to alcohol, has been arrested for allegedly murdering his 65-year-old mother in Maharashtra after an argument over cooking bitter gourd. The incident, which occurred in Dongargaon village of Chandrapur district, highlights a tragic escalation of domestic conflict.