തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇരുപത്തിയൊന്ന്കാരിയും നാല് ജില്ലാ കമ്മിറ്റിയംഗങ്ങളുമടക്കം 93 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്. മുന്‍ ഡി.ജി.പി ശ്രീലേഖയ്ക്കെതിരെ 26 കാരിയെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ നിലവിലെ ഡെപ്യൂട്ടി മേയറുടെ മകളും സ്ഥാനാര്‍ഥി. രണ്ട് ഡസന്‍ പൊലീസിന്‍റെ അകമ്പടിയോടെ ജീവിച്ച ശ്രീലേഖ എങ്ങിനെ ജനങ്ങളെ സേവിക്കുമെന്ന് ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.പതിറ്റാണ്ടുകളായി കയ്യിലുള്ള തലസ്ഥാന ഭരണം ഇത്തവണയും ഉറപ്പിക്കാന്‍ പൊരുതുന്ന എല്‍.ഡി.എഫ് കളത്തിലിറങ്ങി. 101 വാര്‍ഡില്‍ എട്ടിടത്തൊഴിച്ചെല്ലായിടത്തും സ്ഥാനാര്‍ഥികളായി. അലത്തറ വാര്‍ഡിലെ 21 കാരി ബി.മാഗ്നയാണ് ഏറ്റവും ഇളയവള്‍.
30 വയസില്‍ താഴെയുള്ളവര്‍ 13 പേരുണ്ട്. പരിചയസമ്പന്നതയ്ക്കായി നാല് ജില്ലാ കമ്മിറ്റിയംഗങ്ങളും മൂന്ന് ഏരിയാ സെക്രട്ടറിമാരെയും രംഗത്തിറക്കി.ചലച്ചിത്ര നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ കേരള കോണ്‍ഗ്രസ് ബിയുടെ സീറ്റില്‍ ജഗതിയിലിറങ്ങും. കോണ്‍ഗ്രസിന്‍റെ തുറപ്പുചീട്ട് കെ.എസ്.ശബരിനാഥനെതിരെ കവടിയാറില്‍ ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാര്‍ മല്‍സരിക്കും. ബി.ജെ.പിയുടെ സര്‍പ്രൈസ് സ്ഥാനാര്‍ഥി ആര്‍.ശ്രീലേഖയെ നേരിടുന്നത് 26 കാരിയായ ഐ.ടി ഉദ്യോഗസ്ഥ അമൃതയെ ഇറക്കിയാണ്. ശ്രീലേഖയെ കടന്നാക്രമിച്ച് അറ്റാക്കിങ് മോഡില്‍ ജില്ലാ സെക്രട്ടറി തന്നെ വാക്പോര് തുടങ്ങിവെച്ചു.
മേയര്‍ ആര്യാ രാജേന്ദ്രന്‍ മല്‍സരിക്കുന്നില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് വന്നുമില്ല. സ്ഥലത്ത് ഇല്ലാത്തതിനാലാണെന്നാണ് വിശദീകരണം. ഡെപ്യൂട്ടി മേയര്‍ പി.കെ.രാജുവിന്‍റെ മകള്‍ തൃപ്തി രാജു അദേഹത്തിന്‍റെ വാര്‍ഡില്‍ പിന്‍ഗാമിയാവും. യു.ഡി.എഫ് 92വും ബി.ജെ.പി 67 സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചതിന് പിന്നാലെ തലസ്ഥാനത്ത് പോരാട്ടക്കളം സജീവമായി.
പഞ്ചായത്ത്– നഗരസഭാ പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള തദ്ദേശപ്പോരിന് തുടക്കമായി. തദ്ദേശ സ്ഥാപനങ്ങളിലക്കുള്ള തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി അടുത്തമാസം നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 9 നും 11 നും രണ്ടു ദിവസങ്ങളിലായി വോട്ടെടുപ്പ് നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴുജില്ലകളില്‍ ഒന്‍പതാം തീയതിയാണ് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോടുവരെ പതിനൊന്നിനും. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഈ വെള്ളിയാഴ്ച വിജ്ഞാപനം വരും.
അന്നു മുതല്‍ 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 24ാം തീയതിയാണ് പിന്‍വലിക്കാനുള്ള അവസാനതീയതി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പോസ്റ്റല്‍ വോട്ട് ഉണ്ടാകുക. എസ്.ഐ.ആറും തദ്ദേശ തിരഞ്ഞെടുപ്പുമായി കൂടിക്കുഴയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. 25000 രൂപ ഗ്രാമ പഞ്ചായത്തിലും 75,000 രൂപ മുന്‍സിപ്പാലിറ്റിയിലും ഒന്നര ലക്ഷം രൂപ കോര്‍പ്പറേഷനുകളിലും എന്നതാണ് സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക.