മുൻ ഡിജിപി ആര്‍ ശ്രീലേഖക്കെതിരെ സി.പി.എമ്മിന്റെ തുറുപ്പുചീട്ട്. ഐ.ടി പ്രൊഫഷണലായ ആര്‍ അമൃതയാണ് ശാസ്തമംഗലത്ത് സിപിഎം സ്ഥാനാർഥി. ശാസ്തമംഗലം സ്വദേശിയായ തനിക്ക് വിജയപ്രതീക്ഷയുണ്ടെന്നും പ്രതീക്ഷയോടെയാണ് മത്സരിക്കുന്നതെന്നും അമൃത പറഞ്ഞു.
അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരം കോർപറേഷനിലെ സ്ഥാനാർഥികളുടെ പട്ടിക എൽ.ഡി.എഫ് പുറത്ത് വിട്ടു. ഘടകകക്ഷികളുടേത് അടക്കം 93 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയ് ഇന്ന് പ്രഖ്യാപിച്ചത്.
30 വയസിൽ താഴെയുള്ള 13 പേരും 40 വയസിന് താഴെയുള്ള 12 പേരും പട്ടികയിൽ ഇടംപിടിച്ചു. അലത്തറയിൽ മത്സരിക്കുന്ന 23കാരി മാഗ്നയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. പട്ടം വാർഡിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന്‍റെ മകൾ തൃപ്തി രാജും കവടിയാറിൽ സുനിൽ കുമാറും പേട്ടയിൽ എസ്.പി. ദീപക്കും കഴക്കൂട്ടത്ത് എസ്. പ്രശാന്തും മത്സരിക്കും.