എറണാകുളം– ബെംഗളൂരു വന്ദേഭാരതിന്‍റെ ഉദ്ഘാടന യാത്രയില്‍ വിദ്യാര്‍ഥികള്‍ ഗണഗീതം പാടിയതിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍.എസ് നുസൂര്‍. ഗണഗീതം ഒരിക്കലും വിവാദഗാനമല്ലെന്നും താനും ഗണഗീതം പാടിയിട്ടുണ്ടെന്നുമാണ് നുസൂര്‍ ഫെയ്സ്ബുക്കില്‍ എഴുതിയത്. നുസൂറിന്‍റെ കുറിപ്പ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പങ്കുവച്ചു.
''എന്ത് മനോഹരമായാണ് കുട്ടികൾ ഈ ഗാനം പാടിയത്.അത് ഒരിക്കലും ഒരു വിവാദഗാനം അല്ല. വർഷങ്ങൾക്ക് മുൻപ് ഞാനും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പുകളിൽ ഈ ഗാനം പാടിയിരുന്നു. ഇന്നും അത് തുടർന്ന് വരുന്നുമുണ്ട്.പിന്നെന്തിനാണ് ഈ ഗാനം ആര്‍.എസ്.എസിന് തീറെഴുതുന്നത്. അവർ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാപേരും മാറ്റിയെ തീരൂ.. ഗാനം ആലപിച്ച കൂട്ടുകാർക്ക് ആശംസകൾ നേരുന്നു'' എന്നാണ് നുസൂര്‍ എഴുതിയത്. യൂത്ത് കോണ്‍ഗ്രസ് കേരള ഘടകത്തിന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ടാഗ് ചെയ്തു കൊണ്ടാണ് നുസൂറിന്‍റെ പോസ്റ്റ്.
നുസൂറിന്‍റെ പോസ്റ്റ് പങ്കുവച്ചു കൊണ്ട് കെ. സുരേന്ദ്രന്‍ എഴുതിയത് ഇങ്ങനെ, ''എന്തായാലും സതീശന്‍റെ കോൺഗ്രസല്ലാത്തവരുമുണ്ട്... ''. നുസൂറിന്‍റെ പോസ്റ്റിന് താഴെ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം അത്തരം നിലപാടിനെ വിമര്‍ശിക്കുന്നുണ്ട്. ആർ.എസ്.എസിനെ കോണ്ഗ്രസിന്‍റെ ചെലവിൽ മഹത്വവത്കരിക്കേണ്ട എന്നാണ് പൊതുവിലുള്ള വിമര്‍ശനം.
വന്ദേഭാരതില്‍ ഗണഗീതം പാടിയതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ബിജെപി കേരളത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു സതീശന്‍റെ വാക്കുകള്‍. ഔദ്യോഗിക ചടങ്ങില്‍ ആര്‍എസ്എസിന്‍റെ ഗണഗീതം കുട്ടികളെക്കൊണ്ട് പാടിച്ചിരിക്കുകയാണ്. കുട്ടികളെ വിട്ടുകൊടുത്ത സ്‌കൂള്‍ ഏതാണെന്ന് അന്വേഷിക്കണം. സ്‌കൂളിനെതിരെ നടപടി സ്വീകരിക്കണം. വര്‍ഗീയവത്കരിക്കുന്ന കാര്യങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കാന്‍ ആരാണ് തീരുമാനമെടുത്തതെന്നാണ് വി ഡി സതീശന്‍ ചോദിച്ചത്.
ഇന്നലെ വന്ദേഭാരത് ഫ്ലാഗ്ഓഫ് ചടങ്ങിലാണ് വിദ്യാര്‍ഥികളെ കൊണ്ട് ഗണഗീതം പാടിച്ചത്. കുട്ടികള്‍ പാടുന്ന വിഡിയോ ദക്ഷിണ റെയില്‍വേ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. വിവാദമായതിന് പിന്നാലെ വിഡിയോ പിന്‍വലിച്ച ദക്ഷിണ റെയില്‍വെ വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.