കാസർകോട് മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ വീണ്ടും മത്സരത്തിന് ഇറങ്ങുമെന്ന് സൂചന നൽകി മണ്ഡലത്തിൽ ഏകോപന ചുമതല. 2016 നൂറിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് കെ.സുരേന്ദ്രൻ മണ്ഡലത്തിൽ പരാജയപ്പെട്ടത്. എ ക്ലാസ് മണ്ഡലമായി മഞ്ചേശ്വരത്ത് സംസ്ഥാന നേതാക്കൾ തന്നെ മത്സരിക്കണമെന്ന് ആവശ്യം ശക്തമാകുന്നതിനിടെയാണ് സുരേന്ദ്രൻ ജില്ലയിലേക്ക് എത്തുന്നത്.
കഴിഞ്ഞദിവസം സിപിഎമ്മിന്റെ വോട്ട് നേടിയാണ് ലീഗ് വിജയിക്കുന്നതെന്ന ജില്ലാ മുസ്ലിം ലീഗ് അധ്യക്ഷൻ മാഹിൻ ഹാജിയുടെ പരാമർശത്തോട് പ്രതികരിച്ചാണ് മഞ്ചേശ്വരത്ത് മത്സര അഭ്യൂഹങ്ങൾക്ക് കെ.സുരേന്ദ്രൻ തുടക്കപ്പെട്ടത്. 89 വോട്ടിനും 600 വോട്ടിനും തോറ്റപ്പോൾ ഈ സത്യം തനിക്ക് അറിയാമെന്നായിരുന്നു കെ സുരേന്ദ്രന്റെ സമൂഹമാധ്യമ പോസ്റ്റ്. തൊട്ടു പിന്നാലെ മണ്ഡലത്തിലെ ഏകോപന ചുമതല. മാധ്യമങ്ങളെ കണ്ടപ്പോൾ മത്സര സാധ്യത പൂർണ്ണമായി തള്ളാനും സുരേന്ദ്രൻ തയ്യാറായില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 800 താഴെ വോട്ടിന്റെ വ്യത്യാസത്തിലും 2016 ൽ 89 വോട്ടിനും ആണ് കെ.സുരേന്ദ്രൻ മണ്ഡലത്തിൽ പരാജയപ്പെട്ടത്. 2011ലെ ആദ്യ മത്സരത്തിൽ 5800 വോട്ടിന് മുകളിൽ വ്യത്യാസത്തിൽ പരാജയപ്പെട്ട ശേഷമാണ് അടുത്ത തിരഞ്ഞെടുപ്പുകളിൽ ആയിരത്തിൽ താഴെ വ്യത്യാസത്തിലേക്ക് സുരേന്ദ്രൻ എത്തിച്ചത്. ജില്ലാ അധ്യക്ഷ അശ്വിനി മണ്ഡലത്തിൽ മത്സരത്തിന് ഇറങ്ങുമെന്ന് അഭ്യൂഹം ഉയർന്നെങ്കിലും പ്രവർത്തകർ സംസ്ഥാന നേതാവ് വേണമെന്ന ആവശ്യം ഉയർത്തിയിരുന്നു. പിന്നാലെയാണ് ഏകോപന ചുമതല നൽകി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യാനുള്ള അവസരം സുരേന്ദ്രന് പാർട്ടി നൽകിയിരിക്കുന്നത്.