തദ്ദേശ തിരഞ്ഞെടുപ്പിന് തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പടെ മുന്‍നിര നേതാക്കളെ ഇറക്കി പ്രചാരണത്തിന് തുടക്കമിടാന്‍ ബി.ജെ.പി. മുന്‍ എം.എല്‍.എ ശബരീനാഥനെ മേയര്‍ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ് പ്രചാരണം തുടങ്ങിയെങ്കിലും, യു.ഡി.എഫ് വെല്ലുവിളിയേയല്ല എന്ന നിലപാടിലാണ് ബി.ജെ.പി. ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ടു ദിവസത്തിനുളളിലുണ്ടാകും.

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പിലെന്നപോലെ ബി.ജെ.പി യുടെ എ  ക്ലാസ് ഗണത്തില്‍ ഉള്‍പ്പെടുന്ന തിരുവനന്തപരും കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുയെന്ന ലക്ഷ്യത്തോടെയാണ് മുതിര്‍ന്ന നേതാക്കളെത്തന്നെ പ്രചാരണത്തിന് ഇറക്കുന്നത്. പദയാത്രകളാണ് സംഘടിപ്പിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമം മണ്ഡലത്തിലെ വാര്‍ഡുകളിലും മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍ കഴക്കൂട്ടത്തും മുന്‍ഡിജിപി ആര്‍. ശ്രീലേഖയും സംസ്ഥാന സെക്രട്ടറി വിവി രാജേഷും വട്ടിയൂര്‍ക്കാവിലും കരമന ജയന്‍ നഗരമണ്ഡലത്തിലും, ജനറല്‍ സെക്രട്ടറി എസ്.സുരേഷ് കോവളത്തും പദയാത്രനയിക്കും. 

സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക ജില്ലാ കമ്മിറ്റികളും കോര്‍കമ്മിറ്റിയും അംഗീകരിച്ച് സംസ്ഥാന സമിതിക്ക് വിട്ടു. രണ്ടുദിവസത്തിനകം പ്രഖ്യാപനമുണ്ടാകും. കോണ്‍ഗ്രസ് ഒരുമുഴം മുമ്പേയെറിഞ്ഞത് ഗൗരവമായെടുക്കുന്നില്ല ബി.ജെ.പി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ നേടിയ ബി.ജെ.പിയാണ് കോര്‍പറേഷനില്‍ പ്രതിപക്ഷമായത്. പദയാത്രകള്‍ക്ക് പുറമെ സ്ക്വാഡുള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടരും. 

ENGLISH SUMMARY:

Thiruvananthapuram Corporation Election sees BJP launching its campaign with top leaders. The party aims to win the corporation, deploying senior leaders for rallies and campaigns.