ആശാമാരുടെ സമരത്തെ പ്രകീർത്തിച്ച് രാഹുൽ മാങ്കൂട്ടത്തിൽ . അമ്മമാർ തോൽക്കില്ല, അതിനാൽ ആശാമാരും തോൽക്കില്ല. അമ്മമാരെ തെരുവിലിരുത്തിയവർ നന്നാകില്ലെന്നും രാഹുൽ കുറിച്ചു. നേരത്തെ ആശാ പ്രവർത്തകരുടെ സമരവേദിയിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിരുന്നു.
കൈകൊടുത്തും കെട്ടിപ്പിടിച്ചുമാണ് ആശാ പ്രവർത്തകർ രാഹുലിനെ വരവേറ്റത്. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് രാഹുൽ ആശാമാരുടെ സമരവേദിയിൽ എത്തിയത്. സമ്മേളനം തുടങ്ങുമ്പോഴും രാഹുൽ സമരവേദിയിൽ ഉണ്ടായിരുന്നു.
അതിനിടെ സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എത്താൻ വൈകുന്നത് രാഹുൽ അവിടെ ഉള്ളതുകൊണ്ടാണെന്ന അഭ്യൂഹം ഉയർന്നു. തുടർന്ന് രാഹുൽ അവിടെനിന്നു പോയതിനു തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് എത്തുകയും ചെയ്തു. 12 മണിയുടെ ട്രെയിനിൽ എറണാകുളത്തേക്കു പോകേണ്ടതിനാൽ പ്രതിപക്ഷ നേതാവ് പ്രസംഗം ചുരുക്കി പെട്ടെന്നു മടങ്ങി. ഇതിനു ശേഷം രമേശ് ചെന്നിത്തല സമരവേദിയിൽ എത്തിയതിനു പിന്നാലെ രാഹുൽ വീണ്ടും അവിടെ എത്തി.
65 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ച് ആശാ വർക്കർമാർ. ഏറെ വൈകാരികമായാണ് സമരപ്രതിജ്ഞാ റാലിക്കു ശേഷം സമരം അവസാനിപ്പിച്ചത്. ഇത്രയും ദിവസം അധിക്ഷേപങ്ങളും പ്രതിസന്ധികളും മറികടന്ന് ഒരു കുടുംബം പോലെയാണ് ആശമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നിലയുറപ്പിച്ച് അവകാശപ്പോരാട്ടം നടത്തിയതെന്ന് സമരസമിതി നേതാവ് എം.എ.ബിന്ദു പറഞ്ഞു.