തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ തന്ത്രപരമായ സമീപനുമായി കോൺഗ്രസ്. എസ്.ഐ.ആർ തുറന്നു എതിർക്കുമ്പോഴും വോട്ടർ പട്ടിക പേരുച്ചേർക്കലിൽ നിന്ന് പിന്നോട്ടുപോകരുതെന്ന് കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകാൻ കെപിസിസി നേതൃയോഗം തീരുമാനിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയിൽ രണ്ടാംഘട്ട പ്രതിഷേധം തുടങ്ങാനും പുതിയ ഭാരവാഹികളുടെ ആദ്യ യോഗത്തിൽ ധാരണയായി.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം ആദ്യ ഭാരവാഹി യോഗത്തിൽ വിശദമായി ചർച്ചയായി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കമ്മിഷൻ എസ്.ഐ.ആർ നടപ്പാക്കുന്നത്. എസ്.ഐ.ആറിനെ എതിർക്കുമ്പോഴും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന നടപടിയിൽ നിന്ന് പിന്തിരിഞ്ഞ് നിൽക്കാനാവില്ല. കോൺഗ്രസ് അനുകൂല വോട്ട് ചോരാതിരിക്കാൻ ജാഗ്രത വേണമെന്ന് യോഗത്തിൽ നേതൃത്വം വ്യക്തമാക്കി.
എസ്.ഐ.ആറിൽ കെപിസിസി ഉപസമിതിയെ നിയോഗിക്കും. ശബരിമല സ്വർണ്ണക്കൊള്ള വിഷയം കത്തിച്ച് നിർത്തണമെന്ന വികാരവും കെപിസിസി യോഗത്തിലുയർന്നു. ജില്ലകളുടെ ചുമതല വൈസ് പ്രസിഡന്‍റുമാർക്ക് നൽകാനും ധാരണയായി. നിലവിൽ 13 വൈസ് പ്രസിഡന്‍റുമാരെയുള്ളുവെങ്കിലും തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനത്ത് പുതിയ ആളെ നിയമിക്കുന്നതോടെ എൻ.ശക്തനും വൈസ് പ്രസിഡന്‍റാകും.
ജനറൽ സെക്രട്ടറിമാർക്ക് പോഷക സംഘടനകളുടെയും സെല്ലുകളുടെയും തിരഞ്ഞെടുപ്പ് മേൽനോട്ടങ്ങളുടെയും ചുമതല നൽകും. കമ്മിറ്റി ജംബോ ആയോയെന്ന ചോദ്യത്തിന് ചെറുതായിപ്പോയെന്നാണ് തന്‍റെ വികാരമെന്നായിരുന്നു സണ്ണി ജോസഫിന്‍റെ മറുപടി. അച്ചടക്കനടപടികൾക്ക് വിധേയമായ ആരോപണവിധേയരെ സിപിഎം തിരികെ പാർട്ടിയിൽ എടുത്തിട്ടുണ്ടെന്ന് ഒരു എ ഗ്രൂപ്പ് ഭാരവാഹി രാഹുൽ മാങ്കൂട്ടത്തലിനെ തിരിച്ചുവരവിനായി പരോക്ഷമായി വാദിച്ചെങ്കിലും നേതാക്കൾ ചിരിച്ചു തള്ളിക്കളഞ്ഞു.