Image: Manorama
പത്തനംതിട്ട ജില്ല പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് കുരുക്ക്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട പള്ളിക്കല്‍ ഡിവിഷനിലെ സിപിഐ സ്ഥാനാര്‍ഥിയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ. കൊല്ലം സ്വദേശിയായ ശ്രീനാദേവിക്ക് അന്ന് പത്തനംതിട്ടയില്‍ അഡ്രസുണ്ടാക്കിക്കൊടുത്തത് സിപിഐ നേതാക്കളാണ്. പത്തനംതിട്ട ഏറത്ത് പഞ്ചായത്തില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന യശോദയെന്ന സ്ത്രീയുടെ കാര്‍ഡിലാണ് ശ്രീനാദേവിയുടെ പേര് ചേര്‍ത്തത്.
യശോദയുടെ ഭര്‍ത്താവിന്‍റെ സഹോദരിയുടെ മകള്‍ എന്ന ബന്ധം ചേര്‍ത്താണ് പേര് ചേര്‍ത്തത്. അങ്ങനെ കൊല്ലംകാരിയായ ശ്രീനാദേവി കുഞ്ഞമ്മ പത്തനംതിട്ട പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ച് വിജയിക്കുകയും ചെയ്തു. അന്ന് ഇതിനെതിരെ കോണ്‍ഗ്രസ് വലിയ പ്രതിഷേധം ഉന്നയിച്ചെങ്കിലും പരാതി തള്ളിപ്പോവുകയായിരുന്നു. പിന്നീട് ശ്രീനാദേവി കുഞ്ഞമ്മ സിപിഐയുമായി ഇടഞ്ഞ് കോണ്‍ഗ്രസിലെത്തിയതോടെയാണ് അഡ്രസും റേഷന്‍കാര്‍ഡും പ്രതിസന്ധിയിലായത്.
പള്ളിക്കല്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ശ്രീനാദേവി വിജയിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പായി തന്നെ സിപിഐ ഈ വിഷയത്തില്‍ കലക്ടര്‍ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും 2020ല്‍ ഇതേ സഥലത്ത് തന്ന വിജയിച്ച സ്ഥാനാര്‍ഥിയായതിനാല്‍ പ്രശ്നങ്ങളൊന്നും കാണുന്നില്ലെന്ന് കലക്ടര്‍ വിധിയെഴുതി. പിന്നീട് യശോദയുടെ ഭര്‍ത്താവും രണ്ട് ആണ്‍മക്കളും ചേര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കിയതോടെയാണ് പ്രശ്നം വഷളായത്. തങ്ങള്‍ക്കിങ്ങനെ ഒരു ബന്ധുവില്ലെന്നും ശ്രീനാദേവിയുടെ പേര് റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എസ്ഐആര്‍ രേഖ കണ്ടതോടെയാണ് തങ്ങള്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും കുടുംബം പറയുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ യശോദ 2024 സെപ്റ്റംബർ 18ന് മരിച്ചുപോയതായും ആ വീട്ടില്‍ ആരും താമസമില്ലെന്നും ബോധ്യപ്പെട്ടു. ഇതോടെ ആ റേഷന്‍ കാര്‍ഡ് തന്നെ റദ്ദാക്കാനാണ് ഇപ്പോള്‍ തീരുമാനമായത്. അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ആണ് കാര്‍ഡ് റദ്ദാക്കിയത്. കാര്‍ഡ് റദ്ദാക്കിയത് ശ്രീനാദേവിയുടെ ജില്ലാ പഞ്ചായത്ത് അംഗത്വത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. തുവയൂർ സ്വദേശികള്‍ നൽകിയ പരാതിയിലാണ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെയുള്ള നടപടി.
അതേസമയം, റേഷന്‍ കാര്‍ഡ് റദ്ദാക്കിയ നടപടിയില്‍ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. നിലവിൽ ഈ വിലാസത്തിൽ ഉള്ള വസ്തുവിൽ തനിക്കും അവകാശമുണ്ടെന്നും മുൻപ് സിപിഐ നേതാവായി ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ചപ്പോഴും ഇതേ വിലാസത്തിലായിരുന്നു റേഷൻ കാർഡെന്നും ശ്രീനാദേവി വ്യക്തമാക്കി. അന്ന് ആർക്കും പ്രശ്നമില്ലായിരുന്നെന്നും സപ്ലൈ ഓഫീസർ സിപിഐയുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ നടപടിയെടുത്തതെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.