പി.എം. ശ്രീ പ്രശ്നപരിഹാരത്തിലുള്ള ഇടപെടലിൽ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയെ സി.പി.ഐ. പ്രശംസിച്ചു. "പുത്തൻ വിദ്യാഭ്യാസ നയവും - പി.എം. ശ്രീയും ഇടതുപക്ഷ സമീപനവും" എന്ന പേരിൽ സി.പി.ഐ. ദേശീയ സെക്രട്ടറിയേറ്റ് അംഗം കെ. പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് ബേബിയുടെ ഇടപെടലിനെ പുകഴ്ത്തുന്നത്. ബേബി കേരളത്തിൽ ക്യാംപ് ചെയ്ത് പരിഹാരം കണ്ടെത്താൻ ശ്രമിച്ചുവെന്ന് ലേഖനത്തിൽ പറയുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായും സി.പി.ഐ. സംസ്ഥാന ദേശീയ നേതൃത്വങ്ങളുമായി എം.എ. ബേബി നിരന്തരം ഇടപെട്ടത് ഗുണകരമായി.
ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് എൽ.ഡി.എഫ്. മുന്നോട്ട് പോകുമെന്ന സന്ദേശം ജനങ്ങൾക്ക് നൽകാൻ ഇതിലൂടെ കഴിഞ്ഞുവെന്നും ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നു. ഇന്നലെ കെ. പ്രകാശ് ബാബു എം.എ. ബേബിയെ ഫോണിൽ വിളിച്ച് ഇടപെടലിന് നന്ദി അറിയിച്ചിരുന്നു. പ്രശ്നപരിഹാരം അകലെ നിന്ന ആദ്യഘട്ടത്തിൽ ബേബിയുടെ നിസ്സഹായവസ്ഥയിൽ ദുഃഖമുണ്ടെന്ന് പ്രകാശ് ബാബു പറഞ്ഞത് വിവാദമായിരുന്നു. പിന്നീട് കേരളത്തിലെത്തിയ എം.എ. ബേബി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ബ്രേക്ക്ഫാസ്റ്റ് ചർച്ച ഉൾപ്പെടെ നടത്തിയാണ് പ്രശ്നപരിഹാരം സാധ്യമാക്കിയത്.