രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം വേദി പങ്കിട്ട സംഭവത്തിൽ പാലക്കാട് നഗരസഭ ചെയർപേഴ്സണും ബിജെപി നേതാവുമായ പ്രമീള ശശിധരനെതിരെ പാർട്ടിയിൽ പടയൊരുക്കം മുതലെടുക്കാൻ കോണ്‍ഗ്രസ്. പ്രമീള ശശിധരൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിയിൽ ഭൂരിപക്ഷം അംഗങ്ങളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നഗരസഭയിലെ ഭരണകക്ഷിയിലെ ഈ തർക്കം അവസരമാക്കാനാണ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നീക്കം. പ്രമീള ശശിധരനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിറക്കി.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട വിഷയത്തിൽ പ്രമീള ശശിധരൻ പാർട്ടി നേതൃത്വത്തിന് വിശദമായ മറുപടി നല്കി. എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ ഒരു പദ്ധതിയുടെ ഉദ്ഘാടന പരിപാടിയായിരുന്നു അത്. നഗരസഭ അധ്യക്ഷയെന്ന നിലയിൽ ഔദ്യോഗികപരമായ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായാണ് താൻ വേദി പങ്കിട്ടതെന്നാണ് അവരുടെ വിശദീകരണം. നിലവിലെ സാഹചര്യത്തിൽ പ്രമീള ശശിധരനെതിരെ കടുത്ത അച്ചടക്ക നടപടികൾക്ക് സാധ്യതയില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിൽ നിന്നുള്ള സൂചനകൾ.
എന്നാൽ, പാലക്കാട്ടെ പ്രാദേശിക ബിജെപി ഘടകത്തിൽ പ്രമീള ശശിധരനെതിരെ ശക്തമായ പടയൊരുക്കമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി ജില്ലാ കമ്മിറ്റി യോഗത്തിൽ ചെയർപേഴ്സൺ രാജി വെക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. 23 പേർ പങ്കെടുത്ത യോഗത്തിൽ 18 പേരും പ്രമീള ശശിധരൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് ചെയർപേഴ്സൻ്റേതെന്നും, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമരം ചെയ്ത കേസുകളിൽ പ്രതികളായ പ്രവർത്തകരോട് പാർട്ടി എന്ത് മറുപടി പറയുമെന്നും യോഗത്തിൽ ചോദ്യങ്ങൾ ഉയർന്നു. ഈ വിഷയത്തിൽ ശക്തമായ നടപടി എടുത്തില്ലെങ്കിൽ പാർട്ടി അച്ചടക്കം തകരുമെന്നും ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു. എന്നാൽ, നിർണ്ണായകമായ ഈ യോഗത്തിൽ പ്രമീള ശശിധരൻ പങ്കെടുത്തിരുന്നില്ല.