.
പി എം ശ്രീ പദ്ധതിയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. ഫണ്ട് വാങ്ങിയാല്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഏതു സിപിഐ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചെങ്കില്‍ അത് അരാഷ്ട്രീയ ചോദ്യമാണെന്ന് ബിനോയ് വിശ്വം വിമര്‍ശിച്ചു. പിഎം ശ്രീ ഒപ്പിടുന്നതില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ വിയോജിപ്പും ആശങ്കയും അറിയിച്ചു. സിപിഐയുമായി ഐക്യത്തോടെ മുന്നോട്ട് പോവുമെന്നും താനും ബിനോയ് വിശ്വവും കമ്മ്യൂണിസ്റ്റുകാര്‍ തന്നെയെന്ന് ശിവന്‍കുട്ടി പ്രതികരിച്ചു.
സിപിഐയെ നോക്കുകുത്തിയാക്കി പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ വിദ്യാഭ്യാസ വകുപ്പ് നീങ്ങുന്നതിനിടയാണ് വി ശിവന്‍കുട്ടിയെ തള്ളി സിപിഐ നിലപാട് കടുപ്പിച്ചത്. സിപിഐയുടെ എതിര്‍പ്പിനെപ്പറ്റി ചോദിച്ചപ്പോള്‍ ഏത് സിപിഐ എന്ത് എന്ന് എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം ചോദ്യച്ചതിലുള്ള അമര്‍ഷം ബിനോയ് പ്രകടമാക്കി. അങ്ങനെ പറഞ്ഞെങ്കില്‍ അരാഷ്ട്രീയ ചോദ്യമാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
അതിനിടെ രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പിഎം ശ്രീയിലുള്ള വിയോജിപ്പ് സിപിഐ മന്ത്രിമാര്‍ ഉന്നയിച്ചു. കാരാര്‍ ഒപ്പിടുന്നതില്‍ മാധ്യമങ്ങളിലൂടെ കേള്‍ക്കുന്നു ആശങ്കയുണ്ട് എന്നുമായിരുന്നു മന്ത്രിമാര്‍ മന്ത്രിസഭയില്‍ പറഞ്ഞത്. മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കാതെ പി എം ശ്രീയില്‍ ഒപ്പിടില്ലെന്നാണ് സിപിഐ നേതൃത്വം ഇപ്പോഴും പ്രതീക്ഷിക്കുന്നത്.