binu-chulliyil-interview-01

രാഹുല്‍ മാങ്കൂട്ടത്തിലിന്  പിന്‍ഗാമിയായി യൂത്ത് കോണ്‍ഗ്രസിനെ നയിക്കാന്‍  ഒ.ജെ.ജനീഷും ബിനു ചുള്ളിയിലും നിയോഗിക്കപ്പെട്ടതില്‍ ചെറുതല്ലാത്ത അമര്‍ഷം സംഘടനാ നേതൃത്വത്തിലുണ്ട് .സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും  തീരുമാനത്തില്‍ വിയോജിപ്പുകളുണ്ട്.  പ്രസിഡന്‍റായി അബിന്‍വര്‍ക്കി വരണമെന്നാഗ്രഹിച്ച  രമേശ് ചെന്നിത്തല  ഇക്കാര്യം നേതൃയോഗങ്ങളില്‍ ഉന്നയിച്ചതുമാണ്. സാമുദായിക സമവാക്യങ്ങള്‍കൂടി പരിഗണിച്ചാണ്  നേതൃനിരയിലേക്ക് പുതിയയാളുകളെ നിശ്ചയിച്ചതെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. പുതിയ കമ്മിറ്റിയില്‍ വര്‍ക്കിങ് പ്രസിഡന്റായി നിയോഗിക്കപ്പെട്ട ബിനു ചുള്ളിയില്‍ സംഘടനയിലെ പുതിയ സാഹചര്യങ്ങള്‍ സംബന്ധിച്ച് മനോരമ ന്യൂസ് ഡോട്ട് കോമിനോട് മനസുതുറന്നു.

മാധ്യമങ്ങളില്‍ ചർച്ച ചെയ്യപ്പെടുന്നവർ മാത്രമല്ല ചർച്ച ചെയ്യപ്പെടാത്തവരും യൂത്ത് കോൺഗ്രസിലുണ്ട്

? യൂത്ത് കോൺഗ്രസ് പട്ടികയിൽ ഏറ്റവും വിവാദമായത്  വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശമാണ് ? ആരാണ് ബിനു ചുള്ളിയില്‍ എന്നു  ചോദിച്ചാൽ എന്താണ് മറുപടി?

 വിദ്യാർത്ഥി യുവജന സംഘടനകളിൽ 20 വർഷമായി പ്രവർത്തിക്കുന്നു. ഹരിപ്പാട് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ യൂണിറ്റ് പ്രസിഡന്റ്  ആയി തുടങ്ങി. ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്‍റ്  ഇങ്ങനെ പടിപടിയായാണ്  വളർന്നു വന്നത്.  കെ.പി.അനിൽകുമാർ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്  ആയിരുന്നപ്പോൾ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നിയോജകമണ്ഡലം സെക്രട്ടറിയായിരുന്നു. രാഹുൽ ഗാന്ധി ഇന്ത്യയിൽ ആദ്യമായി സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആശയം കൊണ്ടുവന്നപ്പോൾ അത് നടപ്പാക്കിയത് കേരളത്തിലായിരുന്നു ഷാഫി പറമ്പിൽ നേതൃത്വം നല്‍കിയ കമ്മിറ്റിയിൽ കേവലം 7 വോട്ടിന് പരാജയപ്പെട്ടാണ് പുറത്തു പോകേണ്ടി വന്നത്.

binu-chulliyil-interview-youth-congress-kerala-leadership02

പിന്നീട് വി.എസ്.ജോയിയുടെ കമ്മിറ്റിയിൽ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. പാഠപുസ്തക സമരത്തിന്‍റെ ഭാഗമായുണ്ടായ പൊലീസ് മര്‍ദനത്തില്‍  കണ്ണിനു ഗുരുതരമായി പരുക്കേറ്റിരുന്നു. സ്വന്തം നിയോജകമണ്ഡലത്തിൽ  എംഎൽഎ കൂടിയായ രമേശ് ചെന്നിത്തലയാണ് ഒരു മാസം നീണ്ട ചികിത്സകൾക്ക് സഹായങ്ങൾ നൽകിയത്.

? യഥാര്‍ഥത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ പ്രതിസന്ധിയുണ്ടോ?

 സംഘടനാ പ്രതിസന്ധി എന്നത് മാധ്യമങ്ങളുടെ പ്രയോഗമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിന് ഒരു സംവിധാനമുണ്ട്. ഒരു വ്യക്തി മാറിയതുകൊണ്ട് പ്രവർത്തനം മാറുന്നില്ല. യൂത്ത് കോൺഗ്രസ് നിരന്തരം സമര രംഗത്താണ് പത്തനംതിട്ടയിൽ സമരം നടത്തിയ ജില്ലാ പ്രസിഡണ്ട് വിജയ് ഇന്ദുചൂഡൻ അടക്കമുള്ളവരെ ജയിലിനകത്താക്കി. സമീപ ദിവസങ്ങളിൽ മാത്രം നൂറുകണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേൽക്കുകയും ജയില്‍വാസമനുഭവിക്കേണ്ടിയും വന്നു.

അഖിലേന്ത്യ കമ്മിറ്റിയാണ് സംസ്ഥാന യൂത്ത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവസാനവാക്ക്

? അബിൻ വർക്കിയെ തഴഞ്ഞത്   ജാതീയസമവാക്യ പ്രകാരമോ   അതോ ഗ്രൂപ്പ് സമവാക്യത്തിന്‍റെ ഭാഗമായോ?

binu-chulliyil-interview-youth-congress-kerala-leadership03

 പ്രത്യേക സാഹചര്യത്തിലാണ് സംസ്ഥാന പ്രസിഡന്‍റിന്  മാറിനിൽക്കേണ്ടി വന്നത്. യൂത്ത് കോൺഗ്രസ് ദേശീയ ഘടകത്തിന്‍റെ  ഭാഗമായിട്ടാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം . ഒരാൾ മാറുമ്പോൾ പുതിയൊരാളെ കൊണ്ടുവരുവാൻ ദേശീയ നേതൃത്വത്തിന് അതിന്‍റേതായ നടപടിക്രമങ്ങളുണ്ട്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളോടടക്കം  സംസാരിച്ച ശേഷമാണ് ആ പ്രോസസ് പൂര്‍ത്തിയാക്കുന്നത്. ഷാഫി പറമ്പിൽ കമ്മിറ്റിയിൽ താൻ ഉൾപ്പെടെയുള്ളവർ ജനറൽ സെക്രട്ടറിമാരായിരിക്കുമ്പോൾ ജനറൽ സെക്രട്ടറിമാരായി നോമിനിറ്റ് ചെയ്തു വന്നവരാണ് അബിൻ വർക്കിയും രാഹുൽ മാങ്കൂട്ടത്തിലും. അഖിലേന്ത്യ കമ്മിറ്റിയാണ് സംസ്ഥാന യൂത്ത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവസാനവാക്ക്.

? യൂത്ത് കോൺഗ്രസിലെ പോസ്റ്റിംഗ് ഇപ്പോഴും മുതിര്‍ന്ന നേതാക്കളുടെ ശുപാര്‍ശപ്രകാരമല്ലേ? യോഗ്യതമാത്രമാണ് മാനദണ്ഡമെന്ന് നിങ്ങള്‍ക്ക് എങ്ങിനെ  പറയാന്‍ കഴിയും?

ഞങ്ങൾ യൂണിറ്റ് കമ്മിറ്റിയിൽ നിന്നാണ് പ്രവർത്തനം തുടങ്ങിയത്. അവിടെ നിന്ന് കെഎസ്‌യുവിന്റെയും  യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറിമാരായി. അബിനും അഭിജിത്തും ഉൾപ്പെടെയുള്ളവരും അങ്ങനെയായിരുന്നു. ഭാരവാഹികളായവർക്കെല്ലാം അവരുടേതായ പ്രൊഫൈൽ ഉണ്ട്. അത് മെറിറ്റ് ബേസ്ഡ് അല്ല എന്ന് പറഞ്ഞാൽ മറ്റൊന്നും പറയാനില്ല. മാധ്യമങ്ങളില്‍ ചർച്ച ചെയ്യപ്പെടുന്നവർ മാത്രമല്ല ചർച്ച ചെയ്യപ്പെടാത്തവരും യൂത്ത് കോൺഗ്രസിലുണ്ട്. സംഘടനാ പ്രവർത്തനം എന്നത് പൊതുബോധത്തിന്‍റെ  അടിസ്ഥാനത്തിലല്ല.

സംഘടനാ പ്രവർത്തനം എന്നത് സംഘടനയ്ക്ക് ഗുണകരമായി പ്രവർത്തിക്കുക എന്നതാണ്. അത് ചെയ്യുന്നവരെയാണ് സംഘടനയുടെ തലപ്പത്തെക്കു കൊണ്ടുവരുന്നത്. ഞാനും ജിനീഷും അബിനും അഭിജിത്തും എല്ലാം അങ്ങനെ സംഘടനാ പ്രവർത്തനത്തിലൂടെ വന്നവർ തന്നെയാണ്. 

? രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കാലത്ത് സംഘടനാപരമായുണ്ടാക്കിയ മുന്നേറ്റം പുതിയ സാഹചര്യത്തില്‍ കൈമോശം വന്നോ? അബിന്‍ വര്‍ക്കിയേപ്പോലുള്ളവരുടെ  നിലപാട്  പ്രക്ഷോഭങ്ങളുടെ മുനയൊടിച്ചോ?

എ.കെ.ആന്‍റണിയെപ്പോലെ വയലാർ രവിയെ പോലെ മഹാരഥന്മാർ നേതൃനിരയില്‍ ഇരുന്ന സംഘനയാണ് യൂത്ത് കോൺഗ്രസ്. കാലാകാലങ്ങളിലായി ആര്‍ജിച്ച കരുത്ത് യൂത്ത് കോൺഗ്രസിന് എന്നുമുണ്ട്. വ്യക്തികൾ ഒരു പ്രത്യേക കാലയളവിൽ മാത്രം ഇരിക്കുന്നവരാണ്. അവര്‍  മാറിയാലും ഈ സംഘടന ഇതേ രീതിയിൽ മുന്നോട്ടു പോകും. ഇതൊരു മഹത് പ്രസ്ഥാനമാണ്

? യൂത്ത് കോൺഗ്രസ് ഗ്രൂപ്പ് ഓഫീസ് അല്ല’ എന്നത് നിങ്ങളുടെ വാദം  എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ടു കൊണ്ടുപോകാന്‍ എന്ത് തന്ത്രമാണ് കയ്യിലുള്ളത്?

 മാധ്യമ വാർത്തകൾ അല്ലാതെ തെളിവുകളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും തരത്തിലുള്ള ഭിന്നതയുണ്ടെന്ന് പറയാൻ കഴിയുമോ? വിയോജിപ്പുകൾ ഉണ്ടെന്ന് മാധ്യമങ്ങൾ പറഞ്ഞ അബിൻ തന്നെ സംഘടനയോടൊപ്പം തന്നെയാണ് താനെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. ഞങ്ങളൊക്കെ പരസ്പരം സ്നേഹത്തിലും സൗഹൃദത്തിലും ആണ്. ഇന്നലകളിലുള്ളതുപോലുള്ള ഗ്രൂപ്പിസം  ഇപ്പോഴില്ല.

ENGLISH SUMMARY:

Binu Chulliyil, the newly appointed Working President of Youth Congress, discusses the organizational challenges and future plans. He emphasizes unity within the party, dismissing media reports of internal conflicts and highlighting the organization's commitment to public service.