പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിനെയും ലീഗിനെയും വിമര്‍ശിച്ച് കാന്തപുരം വിഭാഗം. മുസ്‌ലിം സമുദായത്തിന്‍റെ മൗലികാവകാശം പരസ്യമായി നിഷേധിച്ചിട്ടും കോണ്‍ഗ്രസ് അറിഞ്ഞ മട്ട് കാണിച്ചില്ലെന്നും ലീഗ് മൗനവ്രതത്തിലായിരുന്നുവെന്നും മുഖപത്രമായ സിറാജിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
വിഷയത്തില്‍ ഇടപെട്ട ഹൈബി ഈഡന്‍ എം പി കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി തട്ടമിടാതെ തന്നെ സ്കൂളില്‍ അയയ്ക്കാന്‍ നിര്‍ബന്ധിച്ചു. സ്കൂള്‍ അധികൃതരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ സാഹചര്യം മുതലെടുത്ത് ബി ജെ പി വോട്ട് തട്ടിയെടുക്കുമോയെന്നായിരുന്നു എം പിയുടെ ഭയം. ഇത്തരം വിഷയങ്ങളില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരെടുക്കുന്ന ആര്‍ജവം പോലും ഇവിടുത്തെ നേതാക്കള്‍ കാണിച്ചില്ല. മുസ്ലീം സമുദായത്തിന്റ അവകാശങ്ങള്‍ക്കുവേണ്ടി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നുവെന്ന് പറയുന്ന മുസ്ലീംലീഗ് മൂന്നുദിവസമാണ് മൗനവ്രതം ആചരിച്ചത്.ഒടുവില്‍ വി ശിവന്‍കുട്ടി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ ഒരു മുസ്ലീം വിദ്യാര്‍ഥിനിക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നു എന്ന രീതിയാണ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
അവകാശ രാഷ്ട്രീയത്തിന് പകരം വോട്ട് രാഷ്ട്രീയമാണ് എല്ലായിടത്തും നിഴലിച്ച് നില്‍ക്കുന്നത്. ശിവന്‍കുട്ടി നിവര്‍ന്നുനിന്ന് സംസാരിച്ചതാണ് കേരളത്തിന്‍റെ സാംസ്കാരിക മാനം കാത്തത്. നീതിക്കുംന്യായത്തിനും വേണ്ടി നിവര്‍ന്ന് നിന്ന് സംസാരിക്കുന്നതാണ് രാഷ്ട്രീയമെന്നും അധികാരത്തെ മുന്നില്‍കണ്ട് ഉരുണ്ട് കളിക്കുന്നതല്ലന്നും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുള്ളാഹ് സഖാഫി എഴുതിയ ലേഖനത്തില്‍ പറയുന്നു. നേരത്തെ ഇ കെ വിഭാഗം സമസ്തയും ശിവന്‍കുട്ടിയുടെ നടപടിയെ അഭിനന്ദിച്ചിരുന്നു.