കെ.പി.സി.സി പുനഃസംഘടനയെക്കുറിച്ചുള്ള ചോദ്യത്തിന് പരിഹാസ മറുപടിയുമായി കെ.സുധാകരന്‍. പുനഃസംഘടനയില്‍ താന്‍ തൃപ്തനെന്നും ഇത്രയും തൃപ്തി മുന്‍പ് ഉണ്ടായിട്ടില്ലെന്നും കെ.സുധാകരന്‍ പരിഹസിച്ചു. പുനസംഘടനയിലെ അതൃപ്തി പുകഞ്ഞ് കത്തുകയാണ്. നേരത്തെ തന്നെ കെ.സുധാകരനും കെ.മുരളീധരനും അതൃപ്തിയുണ്ടെങ്കിലും പരസ്യവിമര്‍ശനത്തിന് മുതിര്‍ന്നിരുന്നില്ല. കണ്ണൂരില്‍ നിന്ന് നിര്‍ദേശിച്ച റിജില്‍ മാക്കുറ്റിയെ പരിഗണിക്കാത്തതാണ് കെ.സുധാകരന്റ പരിഭവത്തിന് കാരണം.
അതേസമയം, പന്തളത്തെ വിശ്വാസ സംരക്ഷണ മഹാസംഗമത്തില്‍നിന്ന് ജാഥാ ക്യാപ്റ്റന്‍കൂടിയായ കെ.മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വിവാദമായതോടെ അദ്ദേഹം ചെങ്ങന്നൂരിലേക്ക് തിരിച്ചു. വിശ്വാസസംരക്ഷണ സംഗമത്തില്‍ മുരളീധരന്‍ പങ്കെടുക്കും. നേരത്തെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. അടുത്തിടെ പാര്‍ട്ടിയിലെത്തിയ സന്ദീപ് വാര്യരെപ്പോലും ജനറല്‍ സെക്രട്ടറിയാക്കിയപ്പോള്‍ തന്നെ തഴഞ്ഞതില്‍ ചാണ്ടിക്ക്കടുത്ത അമര്‍ഷമുണ്ട്. വിഷയമുന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ക്ഷുഭിതനായി. ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിക്കുകയാണെന്ന് സതീശന്‍ ആരോപിച്ചു. കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഷമ മുഹമ്മദും രംഗത്തെത്തിയിരുന്നു.
കെപിസിസി പുനഃസംഘടനയ്ക്കുള്ള ജംബോപട്ടികയാണ് എഐസിസി പുറത്തിറക്കിയിരിക്കുന്നത്. 13 വൈസ് പ്രസിഡന്‍റുമാരും 58 ജനറൽ സെക്രട്ടറിമാരുമാണ് പട്ടികയിൽ ഉള്ളത്. വി.എ.നാരായണനാണ് ട്രഷറർ. ആറു പേരെ കൂടി ഉൾപെടുത്തി രാഷ്ട്രീയ കാര്യസമിതിയും വികസിപ്പിച്ചു. തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്‍റ് പാലോട് രവി, എം ലിജു ഹൈബി ഈഡൻ, മാത്യുകുഴൽനാടൻ, രമ്യ ഹരിദാസ്, വി.ടി.ബലറാം തുടങ്ങിയവരാണ് വൈസ് പ്രസിഡന്‍റുമാര്‍. സംഘടന ജനറൽ സെക്രട്ടറി പദത്തിൻ നിന്ന് മാറ്റിയാണ് എം.ലിജുവിനെ വൈസ് പ്രസിഡന്‍റാക്കിയത്. സന്ദീപ് വാര്യരും ജ്യോതി കുമാർ ചാമക്കാലയും ജനറൽ സെക്രട്ടറിമാരായി. സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ.ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, സി.പി.മുഹമ്മദ്, എ.കെ.മണി എന്നിവരെയാണ് രാഷ്ട്രീയ കാര്യസമിതിയിലേക്ക് പുതുതായി ഉൾപ്പെടുത്തിയത്.