നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി. സുധാകരന്‍ ഗുരുതരവീഴ്ച വരുത്തിയെന്ന പാര്‍ട്ടി രേഖ പുറത്ത്. അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് വിശ്വസിച്ചിരുന്ന സുധാകരന്‍ തന്നിഷ്ടപ്രകാരം പ്രാചരണങ്ങളില്‍ പ്രവര്‍ത്തിച്ചുവെന്ന് പാര്‍ട്ടി രേഖ വ്യക്തമാക്കുന്നു. പാർട്ടി സ്ഥാനാർഥിയായി ജയിച്ചതും ദീർഘകാലസേവനവും പരിഗണിച്ചാണ് സുധാകരനെതിരായ നടപടി പരസ്യ ശാസനയിൽ ഒതുക്കിയതെന്നും മനോരമ ന്യൂസിന് ലഭിച്ച പാര്‍ട്ടി രേഖയില്‍ പറയുന്നു.
സജി ചെറിയാനെയും എ.കെ. ബാലനെയും ഇന്നലെ കടന്നാക്രമിച്ച ജി. സുധാകരന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റല്ലെന്ന് സ്ഥാപിക്കുന്നതാണ് പുറത്ത് വന്ന പാര്‍ട്ടി രേഖ. സുധാകരനെതിരായ പരാതികള്‍ പരിശോധിച്ച എളമരം കരീം, കെ.ജെ.തോമസ് എന്നിവർ അംഗങ്ങളായ കമ്മീഷന്‍റെ കണ്ടത്തല്‍ ഇങ്ങനെയായിരുന്നു.
അമ്പലപ്പുഴയില്‍ മല്‍സിക്കാനാകുമെന്ന് സുധാകരന്‍ വിശ്വസിച്ചിരുന്നു. സീറ്റ് കിട്ടാതായതോടെ സുധാകരന്‍ അസംതൃപ്തനായി. അമ്പലപ്പുഴയില്‍ തിരഞ്ഞെടുപ്പ് ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയ സുധാകരന്‍റെ ശരീരഭാഷയിലും സംസാരത്തിലും അമര്‍ഷമുണ്ടായിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിനു മതിയായ തുക നൽകാതെ തിരഞ്ഞെടുപ്പ് ഫണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിച്ചു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മണ്ഡലം കമ്മിറ്റിക്ക് പലിശയ്ക്ക് പണമെടുക്കേണ്ടി വന്നു എന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സ്ഥാനാർത്ഥി എച്ച്.സലാം എസ്ഡിപിഐക്കാരനാണെന്ന പ്രചാരണത്തിൽ ജി. സുധാകരൻ മൗനം പാലിച്ചു. ഇത് മനപൂര്‍വമായ വീഴ്ചയായാണ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന് തിരിച്ചടിയാവുന്ന നിലപാടുകൾ ജി. സുധാകരന്‍റെ ഭാഗത്ത് നിന്നുണ്ടായി.
ഇപ്പോള്‍ സുധാകരന്‍ പരസ്യപ്രസ്താവനകള്‍ നടത്തുന്നത് അധികാരമില്ലാത്തതിന്‍റെ അസ്വസ്തയാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പില്‍ ഇനിയും മല്‍സരിക്കാന്‍ സുധാകരന് ആഗ്രഹമുണ്ടെങ്കിലും അത് സാധിച്ചുകൊടുക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. അതിനാല്‍ പ്രസ്താവനകളെ അഗണിക്കാനാണ് പാര്‍ട്ടിസംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. എതിര്‍രാഷ്ട്രീയ ചേരിയിലുള്ളവരുമായി സുധാകരന്‍ ആശയവിനിമയം നടത്തുന്നു എന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍. നാളത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് സുധാകരന്‍റെ സമീപനങ്ങള്‍ ചര്‍ച്ച ചെയ്തേക്കും.