പേരാമ്പ്രയിൽ യു.ഡി.എഫ്. പ്രവർത്തകർ സ്ഫോടകവസ്തു എറിഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ. സി.പി.എമ്മിനു വേണ്ടി പൊലീസ് അഭിനയിക്കുകയാണെന്നും സംഭവസ്ഥലത്ത് പൊലീസ് കൊണ്ടുവന്ന സ്ഫോടകവസ്തു അല്ലാതെ എന്തെങ്കിലും ഉണ്ടെന്ന് തെളിഞ്ഞാൽ യു.ഡി.എഫ്. ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും ഡി.സി.സി. പ്രസിഡന്റ് വ്യക്തമാക്കി. പൊലീസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയെടുത്ത് കേസിൽ പേരാമ്പ്രയിൽ ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
പേരാമ്പ്രയിൽ സംഘർഷം നടന്ന് നാലാം ദിവസം പുറത്തുവന്ന ദൃശ്യങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. സംഭവസ്ഥലത്ത് പൊലീസാണ് സ്ഫോടകവസ്തു കൊണ്ടുവന്നത്. ദൃശ്യങ്ങളിലുള്ള പ്രവർത്തകൻ ആരാണെന്നും, എറിഞ്ഞ സ്ഫോടകവസ്തു എന്താണെന്നും പൊലീസ് വ്യക്തമാക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു.
ഷാഫി പറമ്പിൽ എം.പി.യെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെങ്കിൽ റൂറൽ എസ്.പി.യുടെ വീട്ടിലേക്ക് പ്രതിഷേധം നീക്കാനാണ് തീരുമാനം. സംഘർഷത്തിനിടെ യു.ഡി.എഫ്. പ്രവർത്തകർ പൊലീസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. പൊലീസ് കൊണ്ടുവന്നതല്ലാതെയുള്ള സ്ഫോടകവസ്തു അവിടെ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്നും ഡി.സി.സി. പ്രസിഡന്റ് വ്യക്തമാക്കി.